തിരുവനന്തപുരം : അഗസ്ത്യാർകൂടം കയറാനും സ്ത്രീകൾക്ക് അനുമതിയായി. വർഷങ്ങളായി സ്ത്രീകൾക്ക് സന്ദർശനാനുമതി ലഭിക്കാതിരുന്ന നെയ്യാർ വന്യജീവി സങ്കേതത്തിലെ മലമുടിയിലേക്കാണ് ഇക്കുറി വനം വകുപ്പ് അനുമതി നൽകിയത്. ഇതോടെ പരമ്പരാഗത കാണി മേഖലയിൽ നിന്നും എതിർപ്പിന്റെ സ്വരം ഉയർന്നിട്ടുണ്ട്. ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാർകൂടവും വിവാദത്തിന് വേദിയാകുമോയെന്ന ആശങ്കയിലാണ് പ്രകൃതി സഞ്ചാരികൾ.

വനമേഖലയായ അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് നിലനിന്നിരുന്ന വിലക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അനുകൂലമായ വിധി ഉണ്ടായത്. ഇതോടെ 14 വയസിന് മുകളിലുള്ള ശാരീരിക ക്ഷമതയുള്ളവർക്ക് ട്രെക്കിംഗിന് അപേക്ഷിക്കാമെന്നും സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകില്ലെന്നും വനം വകുപ്പ് വിജ്ഞാപനമിറക്കി. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ നിരവധി സ്ത്രീകളാണ് ഇക്കുറി അപേക്ഷ നൽകി പാസ് ഉറപ്പിച്ചത്. സ്ത്രീകളടക്കം 4100 പേരാണ് ഇക്കുറി സന്ദർശനത്തിന് അനുമതി തേടിയത്.

എന്നാൽ രണ്ടുദിവസം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്ന ക്ലേശകരമായ അഗസ്ത്യാർകൂട യാത്രയിൽ സ്ത്രീകൾക്ക് പരിഗണന നല്കാൻ സാധിക്കാത്ത നിലയിലാണ് വനം വകുപ്പ് . അതിരുമലയിലെ ബേസ് ക്യാമ്പിൽ രാത്രി തങ്ങാനും മറ്റു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും നേരത്തേയുള്ള സൗകര്യങ്ങൾ മാത്രമേ ഇപ്പോഴും നിലവിലുള്ളൂ. ഇത് സ്ത്രീ സഞ്ചാരികൾക്ക് ബുദ്ധിമുട്ടാകും എന്നുറപ്പാണ്. അതേസമയം ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ പോലും സന്ദർശിക്കാത്ത അഗസ്ത്യാർകൂടത്തിൽ വനിതകൾക്ക് പ്രവേശനാനുമതി നൽകിയതിനെതിരെ ആദിവാസികൾക്കിടയിൽ പ്രതിഷേധം ഉയർന്നുതുടങ്ങി. സ്ത്രീകൾക്ക് നൽകിയിട്ടുള്ള സന്ദർശനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ചില ആദിവാസി സംഘടനകൾ.