പാങ്ങോട്: ഭരതന്നൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയെ 20 കിടക്കകളുള്ള ആശുപത്രിയാക്കി ഉയർത്തണമെന്ന ജനങ്ങളുടെ ആവശ്യത്തിന് നേരെ കണ്ണടച്ച് അധികൃതർ. പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂർ നെല്ലികുന്നിൽ രണ്ടേക്കറോളം വരുന്ന സർക്കാർ ഭൂമിയിൽ പഞ്ചായത്ത് ഫണ്ടിൽ നിന്നു ഇരുപത്തിയഞ്ച് ലക്ഷം രൂപ മുടക്കി നിർമ്മിച്ച കെട്ടിടത്തിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രിയിൽ കിടത്തി ചികിത്സിക്കാനുള്ള വാർഡിനായി രണ്ടാം നില പണിയാൻ പഞ്ചായത്ത് കമ്മിറ്റി വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും ഫണ്ടിന്റെ അഭാവത്തിൽ മുടങ്ങുകയായിരുന്നു. ത്രിതല പഞ്ചായത്തുകളിൽ നിന്നോ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നോ പണം അനുവദിച്ചാൽ മാത്രമേ വാർഡ് നിർമ്മാണം സാദ്ധ്യമാകൂ.
ഡോക്ടറെ സ്ഥിരമായി നിയമിച്ചിട്ടുണ്ടെങ്കിലും ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് സേവനം ലഭ്യമാകുന്നതെന്നും പരാതിയുണ്ട്. ഉച്ച കഴിഞ്ഞാൽ ഡോക്ടറുടെ സേവനം ഉണ്ടാകാറില്ലെന്നും നാട്ടുകാർ പറയുന്നു. ജീവനക്കാരുടെ എണ്ണവും ഇവിടെ കുറവാണ്. രോഗികളുടെ തിരക്കുമൂലം ഉച്ചകഴിഞ്ഞും ഡിസ്പെൻസറി പ്രവർത്തിപ്പിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. ആശുപത്രിയിൽ പഞ്ചകർമ്മ ചികിത്സ ലഭ്യമാക്കണമെന്നതാണ് രോഗികളുടെ മറ്റൊരാവശ്യം.