kadakampally

കാട്ടാക്കട:ചട്ടമ്പിത്തരം കാണിച്ച് നിയമവാഴ്ച തകർക്കാൻ ആരേയും അനുവദിക്കില്ലന്ന് മന്ത്രി കടകംപള്ളിസുരേന്ദ്രൻ പറഞ്ഞു. വീരണകാവ് സഹകരണ ബാങ്കിലെ ടൂറിസം ഇൻഫർമേഷൻ മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ യാതൊരു തെറ്റും ചെയ്തിട്ടില്ല. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്.വിധി മറികടക്കാൻ പാർലമെന്റ് നിയമം പാസാക്കുകയോ ഓർഡിനൻസ് കൊണ്ടുവരികയോ ചെയ്യണം. ഭരണഘടനയും നിയമ വാഴ്ചയും ഉണ്ടായിട്ടും അക്രമം കാട്ടുന്ന ചട്ടമ്പിമാരുടെ താണ്ഡവമാണ് നടക്കുന്നത്. ഈ നിയമവാഴ്ചയും തകർക്കാൻ ശ്രമിച്ചാൽ എന്താകും നാടിന്റെ അവസ്ഥ. കൈയൂക്കുള്ളവർ കാര്യക്കാരായാൽ ദുർബല ജനവിഭാഗം അവരുടെ കാൽക്കീഴിലാകും. ഇതനുവദിക്കില്ലന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു,വെള്ളനാട് ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജി.സ്റ്റീഫൻ,കാട്ടാക്കട.ശശി,പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ,ബാങ്ക് പ്രസിഡന്റ് ഗിരി തുടങ്ങിയവർ സംസാരിച്ചു.