വർക്കല: യുനസ്കോ പൈതൃക പട്ടികയിൽ ഉൾപെടുത്തിയ പാപനാശം കുന്നിൽ രാജ്യത്തെ ആദ്യ ജിയോപാർക്ക് വരുന്നു. കാലാവസ്ഥ, ഭൗമശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വിശദപഠനത്തിനും കൊടുങ്കാറ്റിന്റെ ദിശ അറിയാനുമുള്ള ജിയോമ്യൂസിയവും ഇതോടനുബന്ധിച്ചുണ്ടായിരിക്കും. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ നിർദ്ദേശത്തെ തുടർന്നാണ് ചരിത്രസാക്ഷിയായ പാപനാശം കുന്നുകളെ യുനസ്കോ പൈതൃക പട്ടികയിൽ ഉൾപെടുത്തിയത്. കഴിഞ്ഞ കുറെ ഏറെ വർഷങ്ങളായി കടൽക്ഷോഭത്തെയും കാലവർഷത്തെയും അതിജീവിക്കാനാവാതെ പാപനാശം കുന്നുകൾ തകർച്ചയുടെ വക്കിലാണ്. ജിയോപാർക്ക് സ്ഥാപിക്കുന്നതിനു മുന്നോടിയായി പാപനാശം കുന്നുകളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനായി കേന്ദ്ര എർത്ത് സയൻസ് മന്ത്റാലയത്തിലെ സെക്രട്ടറി ഡോ. എൻ. രാജീവൻനായരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാപനാശം സന്ദർശിക്കുകയുണ്ടായി. സംഘത്തിന്റെ റിപ്പോട്ടിനെ തുടർന്ന് വിശദ പഠനത്തിനായി കേന്ദ്രസർക്കാർ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന് തുക അനുവദിക്കുകയും ചെയ്തു. എ. സമ്പത്ത് എം.പി, വി. ജോയി എം.എൽ.എ എന്നിവരുടെ ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. കർണ്ണാടകയിലെ ഉള്ളാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ കടൽതീരങ്ങൾ സംരക്ഷിച്ച മാതൃകയിലാണ് പാപനാശം കടൽതീരവും കുന്നുകളും സംരക്ഷിക്കാൻ തീരുമാനിച്ചിത്. ഇതു സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾക്ക് മുന്നോടിയായി ജനുവരി മദ്ധ്യത്തോടെ ഡിജിറ്റൽ ഹൈഡ്രോഗ്രാഫിക് സർവേ കൊല്ലം തങ്കശ്ശേരിയിൽ തുടങ്ങും. വെട്ടൂർ മുതൽ ഇടവ വെറ്റക്കടവരെയുള്ള കടൽതീരത്തെ കുന്നുകൾക്കാണ് സംരക്ഷണ കവചം ഒരുങ്ങുന്നത്. ഇതിനായി തീരത്തു നിന്നും കടലിന്റെ അരക്കിലോമീറ്റർ ഉള്ളിൽ ഓഫ് ഷോർ ബ്രേക്ക് വാട്ടർ (തീരസംരക്ഷണവേലി) നിർമ്മിക്കും. അഞ്ചുതെങ്ങ് മുതലപ്പൊഴി മുതൽ കൊല്ലം തങ്കശ്ശേരി വരെയുള്ള തീരത്താണ് ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്നത്. തീരത്തു നിന്നും അഞ്ചു കിലോമീറ്റർ ഉള്ളിൽ വരെയുള്ള കടലിന്റെ സ്വാഭാവിക രീതികളാണ് പഠനവിധേയമാക്കുന്നത്. തിരമാലകളുടെ കരയിലേക്കുളള വരവിനെ തടയാതെ തിരയുടെ ശക്തിയും ആഘാതശേഷിയും കുറയ്ക്കുന്നതിനാണ് തീരവേലി നിർമ്മിക്കുന്നത്. ഇതിനായി ഓരോ നൂറ് മീറ്റർ ഇടവിട്ട് കടലിന്റെ ആഴ പരിശോധന നടത്തും. വേലിയേറ്റം, വേലിയിറക്കം, കടലിന്റെ അടിത്തട്ടിലും മുകളിലുമുളള ഒഴുക്കിന്റെ ശക്തി തുടങ്ങിയവയും പരിശോധിക്കപ്പെടും. ആഴക്കടൽ പരിശോധനയ്ക്കായി എക്കോസൗണ്ടർ അടക്കമുളള ആധുനിക സംവിധാനങ്ങളും ഉണ്ടായിരിക്കും.
തീരത്തെ തിരമാലകളുടെ ഉയരവും വേഗവും മനസിലാക്കാനായി പാപനാശം കുന്നിൽ മുകളിൽ രാത്രി ദൃശ്യങ്ങൾ വരെ പകർത്താൻ കഴിയുന്ന കാമറകൾ, കാറ്റിന്റെ ശക്തിയും ഗതിയും തിരിച്ചറിയുന്നതിനായി കൂറ്റൻ ഫാനുൾപെടെ ബീച്ച് മോണിറ്ററിംഗ് സിസ്റ്റം എന്നിവ സ്ഥാപിക്കും.
-വി. രാമചന്ദ്രൻപോറ്റി (എം.ഡി, വർക്കല വിഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ)
ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന് അനുവദിച്ചത് -2 കോടി രൂപ
സംരക്ഷണ കവചം ഒരുങ്ങുന്നത്- 6.14 കിലോമീറ്റർ ദൂരം
ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്നത് - 31 കിലോമീറ്ററിൽ
പരിശോധനകൾ- 20 മീറ്റർ ആഴത്തിൽ