തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിമിത സാഹചര്യങ്ങളുള്ള ഐ.സി.യുവുമായി വീർപ്പു മുട്ടുകയാണ്. നിലവിൽ ഇവിടെ പതിമ്മൂന്ന് കിടക്കകളാണുള്ളത്. അതാകട്ടെ പഴയതുമാണ്. അപകടങ്ങളിൽപ്പെട്ടവരടക്കം ഗുരുതരാവസ്ഥയിൽ നിത്യേന അൻപതു പേരെങ്കിലും ഇവിടെ എത്താറുണ്ട്. പിന്നീട് ഈ പതിമ്മൂന്ന് കിടക്കകളിൽ വച്ചാണ് ഡോക്ടർമാർ ഭാഗ്യപരീക്ഷണം നടത്താറ്.
മെഡിക്കൽ വാർഡിന്റെ സ്ഥിതിയും മറ്റൊന്നല്ല. പുരുഷന്മാർക്കും സ്‌ത്രീകൾക്കുമായി ആകെയുള്ളത് അൻപത് കിടക്കകളാണ് (ഇരുപത്തഞ്ച് വീതം). ഇവയാകട്ടെ എപ്പോഴും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കും. പലപ്പോഴും രോഗികളെ തറയിൽ കിടത്താതെ മറ്റ് മാർഗങ്ങളില്ലെന്നാണ് അധികൃതർ തന്നെ പറയുന്നത്. ഇവ ഒഴിവാക്കാൻ മറ്റ് വിഭാഗങ്ങളിലേക്ക് റഫർ ചെയ്യുന്നതും പതിവാണ്.
2017ൽ ചാത്തന്നൂരിനടുത്ത് ഇത്തിക്കരയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച തിരുനെൽവേലി സ്വദേശി മുരുകൻ വെന്റിലേറ്റർ കിട്ടാത്തതിനെത്തുടർന്നാണ് ആശുപത്രിയിൽ മരിച്ചത്. അത്തരം സാഹചര്യത്തിലും മെഡിക്കൽ ഐ.സി.യുവിന്റെ പരിമിതികളെക്കുറിച്ച് ഈ വിഭാഗത്തിലെ ഡോക്ടർമാർ അധികൃതരോട് പരാതിപ്പെട്ടതാണ്. എന്നാൽ അന്ന് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം കഴിയുമ്പോൾ നിലവിലെ കാർഡിയാക് ഐ.സി.യു മെഡിക്കൽ വിഭാഗത്തിന് വിട്ടു നൽകാമെന്ന് പറഞ്ഞെങ്കിലും നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും ഐ.സി.യു വിട്ടുനൽകിയില്ലെന്ന് ഡോക്ടർമാർ പറയുന്നു.
രോഗികളെക്കാൾ അവശർ കൂട്ടിരിപ്പുകാർ
മെഡിക്കൽ ഐ.സി.യുവിന് മുൻവശത്തായി കൂട്ടിരിപ്പുകാർക്ക് ഇരിക്കാൻ ഒരു ബെഞ്ച് പോലുമില്ല. തറയിലിരുന്നും നിന്നും സമയം ചെലവഴിക്കണം.ഐ.സി.യുവിന് പിൻവശത്തെ വാതിലിന് മുന്നിൽ രണ്ടു ബെഞ്ചിട്ടിട്ടുണ്ട്. ഇതിൽ കഷ്ടിച്ച് പത്തു പേർക്കിരിക്കാം. ബാക്കിയുള്ളവർ നിലത്തിരിക്കണം. ചുരുക്കം പറഞ്ഞാൽ ഐ.സി.യുവിൽ കിടക്കുന്ന രോഗികളെക്കാൾ അവശരാകും കൂട്ടിരിപ്പുകാരെന്നതിൽ സംശയമില്ല.
നിലവിലെ അവസ്ഥ
സമീപ ജില്ലകളിൽ നിന്നും താലൂക്ക് - ജനറൽ ആശുപത്രികളിൽ നിന്നുമടക്കം ആരോഗ്യ സ്ഥിതി വഷളായതിനെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്തിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. രോഗിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം ആവശ്യമുള്ള രോഗിയെ ആദ്യം മാറ്റുന്നത് മെഡിക്കൽ ഐ.സി.യുവിലേക്കാണെന്ന് ഡോക്ടർമാർ പറയുന്നു. ജീവൻ നിലനിറുത്താനുള്ള സകല ചികിത്സയും നൽകി രോഗിയുടെ ജീവന് ഭീഷണിയില്ലെന്ന് ഉറപ്പു വരുത്തിയശേഷമാണ് കാർഡിയാക് അടക്കമുള്ള മറ്റ് ഐ.സി.യുവിലേക്ക് മാറ്റുന്നത്. എന്നാൽ ഇത്തരം അടിയന്തര സംവിധാനമൊരുക്കാനുള്ള സൗകര്യമാണ് ആശുപത്രിയിൽ പരിമിതം. മെഡിക്കൽ വിഭാഗത്തിൽ ശേഷിക്കുന്നതാകട്ടെ ഫിവർ ഐ.സി.യു മാത്രമാണ്. അതിലാകട്ടെ മറ്റ് രോഗികളെ പ്രവേശിപ്പിക്കാനുമാകില്ല.