തിരുവനന്തപുരം:ഹർത്താലിന് ഇനി റോഡിലെ തീക്കളി വേണ്ട. ശബരിമല വിഷയത്തിൽ വ്യാഴാഴ്ചത്തെ ഹർത്താലിനിടെ ദേശീയപാതകൾ ഉൾപ്പെടെ റോഡുകളിൽ ടയറും മറ്റുമിട്ട് കത്തിച്ച പ്രതിഷേധക്കാർക്ക് പിടി വീഴും.
ഇത്തരം സംഭവങ്ങളുണ്ടായ സ്ഥലങ്ങളിൽ, പൊലീസിന് പരാതി നൽകാനാണ് പൊതുമരാമത്തു വകുപ്പിന്റെ തീരുമാനം. പരാതികളിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് (റോഡ് വിഭാഗം) ചീഫ് എൻജിനിയർ ജീവരാജ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നൽകിയിട്ടുണ്ട്. ജില്ലകളിലെ എക്സിക്യുട്ടീവ് എൻജിനിയർമാർ മുഖേന അസിസ്റ്രന്റ് എൻജിനിയർമാർക്ക് ഇതു സംബന്ധിച്ച് സർക്കുലർ അയച്ചിട്ടുണ്ട്.
അസിസ്റ്റന്റ് എൻജിനിയർമാർ ആയിരിക്കും പൊലീസിൽ പരാതി നൽകുക.ഹൈവെ സംരക്ഷണ നിയമം, കലാപം തടയൽ നിയമം, റോഡ് സുരക്ഷാ നിയമം, പൊതുമരാമത്ത് മാന്വൽ എന്നിവയുടെ ലംഘനത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ആയിരിക്കും കേസ്.
ഹർത്താൽ ദിനത്തിലും തുടർന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്,പാലക്കാട് ജില്ലകളിലാണ് ഗതാഗത തടസ്സമുണ്ടാക്കാൻ റോഡിലെ തീവയ്പ് വ്യാപകമായി നടന്നത്. ടയറും മറ്റും കത്തിക്കുമ്പോൾ ടാർ ഉരുകി റോഡിന് കേടുപാടു സംഭവിക്കുക മാത്രമല്ല, ഇത് അപകടങ്ങൾക്കു വഴിവയ്ക്കുമെന്നം വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകുന്നു.