strike

തിരുവനന്തപുരം:ബാങ്ക് ജീവനക്കാരും തൊഴിലാളികളും അദ്ധ്യാപകരും സർക്കാർ ജീവനക്കാരും പ്രതിരോധ മേഖലയിൽ പണിയെടുക്കുന്നവരും സ്വതന്ത്ര ഫെഡറേഷനുകളിലെ തൊഴിലാളികളും ഇന്ന് അർദ്ധരാത്രി തുടങ്ങുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കും. വിമാനത്താവളത്തിലെ ജീവനക്കാരും വിമാനങ്ങളിലെ കരാർ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ വിമാന സർവീസുകളെയും ബാധിക്കാനാണ് സാധ്യത.

തൊഴിലാളി പ്രകടനം

പൊതു പണിമുടക്കിന്റെ ഭാഗമായി നാളെ രാവിലെ എം.എൽ.എ ഹോസ്റ്റൽ ജംഗ്‌ഷനിൽ നിന്നു സി.ഐ.ടി .യു നേതൃത്വം നൽകുന്ന തൊഴിലാളികളുടെ പ്രധാന പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലേക്ക് ആരംഭിക്കും.

പാളയത്തെ പാർക്കിംഗ് ഏരിയയിൽ നിന്നു ഐ.എൻ.ടി.യു.സി യുടെയും മാർക്കറ്റ് ജംഗ്‌ഷനിൽ നിന്നു എ.ഐ.ടി.യു.സിയുടെയും തൊഴിലാളികൾ അണിചേരും.

സെക്രട്ടേറിയറ്റിനു മുന്നിലെ സമര കേന്ദ്രത്തിൽ തിരുവനന്തപുരം,നേമം,കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലെ തൊഴിലാളികളാണ് പങ്കുചേരുക.

സെക്രട്ടറിയേറ്റിനു മുന്നിലെ ധർണയിൽ എളമരം കരിം, കെ.ചന്ദ്രശേഖരൻ, കെ.പി.രാജേന്ദ്രൻ ,ആനത്തലവട്ടം ആനന്ദൻ , സോണിയ ജോർജ്,വി.ആർ.പ്രതാപൻ,മീനാങ്കൽ കുമാർ എന്നിവർ പങ്കെടുക്കും. സമര പന്തലിൽ സാംസ്‌കാരിക പരിപാടികളും നാടൻപാട്ടും അടക്കം ഉണ്ടാകുമെന്നും സമരസമിതി കൺവീനർ വി.ശിവൻകുട്ടി പറഞ്ഞു.


PHOTO ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം മ്യൂസിയം ജംഗ്‌ഷനിൽ നടന്ന അങ്ങാടി അങ്ങാടി പ്രചാരണത്തിന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ നേതൃത്വം നൽകുന്നു.സുനിൽ മതിലകം, കവിത തെങ്ങമം, ഷീന ബഷീർ, ഉദയലാൽ ,ബിനു തുടങ്ങിയവർ സമീപം