harikishore

തിരുവനന്തപുരം: പ്രളയബാധിതർക്ക് തൊഴിൽ ലഭ്യമാക്കി ജീവിതത്തിലേക്ക് കൈപിടിക്കാൻ കുടുംബശ്രീയുടെ നിർണായക ചുവടുവയ്പ്. ജീവനോപാധികൾ നഷ്‌ടമായവർക്ക് വിദഗ്ദ്ധ പരിശീലനം നൽകി സ്വയം തൊഴിലിന് പ്രാപ്‌തരാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത പത്ത് മേഖലകളിലാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വയം തൊഴിലിനുള്ള സഹായവും ലഭ്യമാക്കും.

'എറൈസ് സ്‌കിൽ കാമ്പെയിൻ" എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിക്ക് 17ന് തുടക്കമാകും. നവകേരള നിർമ്മിതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം താത്പര്യമുള്ളവർക്ക് പരിശീലനം നൽകും. ഡിസംബർ അവസാന ആഴ്‌ച എല്ലാ ജില്ലകളിലും കുടുംബശ്രീ ജില്ലാ മിഷൻ വഴി രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്നലെ വരെ 1605 പേർ രജിസ്റ്റർ ചെയ്‌തു. 277 പേർ രജിസ്റ്റർ ചെയ്ത എറണാകുളം ജില്ലയാണ് മുന്നിൽ. മൂന്നുമാസം നീളുന്ന പരിശീലനത്തിൽ പുരുഷന്മാർക്കും പങ്കെടുക്കാം.

ഓരോ ജില്ലയിലും 30 പേരെ ഓരോ ബാച്ചായി തിരിച്ചാണ് ക്ലാസ്. മാർച്ച് മൂന്നിന് മുമ്പ് 50,000 പേരടങ്ങുന്ന ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയാക്കാനാണ് ലക്ഷ്യം. സർക്കാർ അംഗീകൃത തൊഴിൽപരിശീലന സ്ഥാപനങ്ങൾ, കുടുംബശ്രീയുമായി സഹകരിക്കുന്ന പരിശീലക ഏജൻസികൾ എന്നിവരാണ് പരിശീലനം നൽകുന്നത്.

ഡേറ്റാ എൻട്രി, പ്ളമ്പിംഗ്, ഇലക്ട്രോണിക് റിപ്പയറിംഗ്, ഇലക്ട്രിക്കൽ വർക്‌സ്, കൃഷി അനുബന്ധ ജോലികൾ, ലോൺട്രി ആൻഡ് അയണിംഗ്, ഡേ കെയർ, ഹൗസ് കീപ്പിംഗ്, ഹൗസ് മെയ്ഡ്, സെയിൽസ് എന്നിങ്ങനെ പത്ത് മേഖലയിലാണ് പരിശീലനം. പ്രളയാനന്തരം കുടുംബശ്രീ നടത്തിയ സർവേയിൽ ഈ മേഖലകളിൽ തൊഴിലിൽ സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. പരിശീലന ശേഷം ഇതുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ സാമ്പത്തിക സഹായവും തുടർ പരിശീലനവും നൽകും.

പ്രളയബാധിതരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് കുടുംബശ്രീ എറൈസ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ സേവനമേഖലയിലുള്ള തൊഴിൽ സാദ്ധ്യതകളാണ് പ്രയോജനപ്പെടുത്തുന്നതെന്നും രജിസ്റ്റർ ചെയ്യുന്ന എല്ലാ പേർക്കും വിവിധ ഘട്ടങ്ങളായി പരിശീലനം നൽകുമെന്നും കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു.