atl06ja

ആറ്റിങ്ങൽ : പൊട്ടിപ്പൊളിഞ്ഞ ലോറികൾ, ഓട്ടോറിക്ഷകൾ, സ്കൂൾ ബസുകൾ... മാമം പഴയപാലത്തിന്റെ വശങ്ങളിൽ നിരനിരയായി കിടക്കുന്ന വാഹനങ്ങളാണിത്. ഭൂരിഭാഗവും അപകടത്തിൽപ്പെട്ട് പുനരുപയോഗിക്കാനാവാത്ത വിധം ക്ഷതമേറ്റത്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കയാണ് മാമം പഴയ പാലം.

ആറ്റിങ്ങലിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ മുൻകാലങ്ങളിൽ പൊലീസ് സ്റ്റേഷന് സമീപത്താണ് ഇട്ടിരുന്നത്. എന്നാൽ ഇവ ഭൂരിഭാഗവും എടുത്തുമാറ്റിയതോടെയാണ് മാമം പഴയ ദേശീയപാതയോരത്ത് വാഹനങ്ങൾ കൊണ്ടിടാൻ തുടങ്ങിയത്. ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപ്പെടുന്നതും കേസിൽ അകപ്പെടുന്നതുമായ വാഹനങ്ങൾ മഹസർ തയ്യാറാക്കി ഉടൻ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവ മാമത്തെ പഴയ റോഡിൽ കൊണ്ടിടുന്ന പതിവ് ഒരു വർഷം മുമ്പ് തുടങ്ങിയതാണ്. അപകടത്തിൽപ്പെട്ട ഒരു ലോറി മാമം പഴയ ദേശീയപാതയിൽ കൊണ്ടിട്ട് ഉടമ സ്ഥലം വിട്ടതാണ് തുടക്കം. തുടർന്ന് ഓട്ടോറിക്ഷയും റെഡിമിക്‌സ് ലോറിയും കോളേജ് ബസും തുടങ്ങി നിരവധി വാഹനങ്ങൾ ഇവിടെ സ്ഥാനം പിടിച്ചു.

ദിവസങ്ങൾ കഴിയുന്തോറും ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ വരുന്ന വാഹനങ്ങളുടെ എണ്ണം കൂടി വരുകയാണ്. മുൻ കാലങ്ങളിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങളുടെ ശവപറമ്പായി പൊലീസ് സ്‌റ്റേഷൻ പരിസരം മാറിയിരുന്നു. ഇതൊഴിവാക്കി, നിയമപ്രശ്‌നങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ വേഗത്തിൽ ഉടമയ്ക്ക് വിട്ട് നൽകാൻ പൊലീസും ശ്രമിക്കുന്നുണ്ട്. കോടതി നടപടികളിലും വാഹന ഉടമകൾക്ക് അനുകൂലമായ വിധികളാണ് ഭൂരിഭാഗവും ലഭിക്കുന്നത്. ഇതിനിടയിലാണ് മാമം പഴയ ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയേറുന്നത്.

മാമം പഴയ ദേശീയപാതയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളൊന്നും പൊലീസ് കസ്റ്റഡിയിലുള്ളതല്ലെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു. കിഴുവിലം പഞ്ചായത്ത് പ്രദേശത്തുള്ളവർ ദേശീയപാതയിലേക്കും ആറ്റിങ്ങൽ നഗരത്തിലേക്കും കടന്ന് വരുന്നതിനുള്ള എളുപ്പവഴിയാണ് മാമത്തെ പഴയ ദേശീയപാത. ഇത് നിലവിൽ പൂർണമായും തകർന്ന് കിടക്കുകയാണ്. ഇതിനൊപ്പം യാത്രാതടസം സൃഷ്ടിക്കുന്ന നിലയിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ കൊണ്ടിട്ടിരിക്കുന്നത് നാട്ടുകാർക്ക് ഭീഷണിയായിരിക്കയാണ്. പലപ്പോഴും റോഡരികിൽ ഉപേക്ഷിക്കുന്ന ഇത്തരം വാഹനങ്ങൾ വർഷങ്ങൾ കഴിഞ്ഞാലും അവിടെത്തന്നെ കിടന്ന് തുരുമ്പെടുക്കുന്ന സ്ഥിതിയാണുള്ളത്.