തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സംവരണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.എ.എസിലേക്കുള്ള മൂന്നു തരം റിക്രൂട്ട്മെന്റുകളിൽ രണ്ടിലും സംവരണം വേണ്ടെന്ന സർക്കാർ നിലപാട് പിന്നാക്ക വിഭാഗങ്ങളോടുള്ള ദ്രോഹമാണ്. നേരിട്ടുള്ള നിയമനം, ട്രാൻസ്ഫർ വഴിയുള്ള നിയമനം, പ്രൊമോഷൻ വഴിയുള്ള നിയമനം എന്നിങ്ങനെയാണ് കെ.എ.എസിലേക്ക് റിക്രൂട്ട്മെന്റ്. ഇതിൽ നേരിട്ടുള്ള നിയമനത്തിൽ മാത്രം സംവരണം മതിയെന്നാണ് സർക്കാർ തീരുമാനം. കെ.എ.എസ് പുതിയ ഒരു കേഡറാണ്. ഇതിൽ പ്രൊമോഷൻ, ട്രാൻസ്ഫർ നിയമനങ്ങൾ മത്സര പരീക്ഷ വഴിയാണ് നടത്തുന്നത്. അതിനാൽ മൂന്ന് നിയമനങ്ങളിലും സംവരണം പാലിക്കണമെന്ന നിയമവകുപ്പിന്റെ ഉപദേശം മറികടന്നാണ് സംവരണം അട്ടിമറിക്കാനുള്ള ശ്രമം.
കെ.എ.എസിൽ സംവരണം അട്ടിമറിക്കപ്പെട്ടാൽ ഭരണത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ പിന്നാക്ക പ്രാതിനിധ്യം ശുഷ്‌കമാവുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.