മുടപുരം: പെരുങ്ങുഴി കൃഷ്ണപുരം പബ്ലിക് മാർക്കറ്റ് നവീകരിച്ച് കച്ചവടക്കാർക്കും നാട്ടുകാർക്കും കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. മാർക്കറ്റിൽ അടിസ്ഥാന സൗകര്യം ഒരുക്കാത്തതാണ് കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. രാവിലെ 9 മുതൽ 12 വരെയാണ് ചന്തസമയം. ടി.എ.ശിവദാസന്റെ കുടുംബം നൽകിയ 30 സെന്റ് സ്ഥലം മാർക്കറ്റിന് ഉണ്ടെങ്കിലും അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തി വികസനം എത്തിക്കാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്. വി. ജോയി എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന 2000-05 കാലഘട്ടത്തിൽ 5 മുറി സ്റ്റാളും 2010-15ൽ മഴ നനയാതെ മീൻ വിൽപന നടത്തുന്നതിനുള്ള ഷെഡും നിർമ്മിച്ചിരുന്നെങ്കിലും പിന്നീട് കാര്യമായ വികസനപ്രവർത്തനങ്ങൾ ഒന്നും തന്നെ മാർക്കറ്റിൽ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ നിർമ്മിച്ച കടമുറികളിൽ ഒന്ന് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പബ്ലിക് ടോയ്‌ലെറ്റ് ഉപയോഗപ്രദമല്ലാത്തതിനാൽ പുതിയൊരു ടോയ്‌ലെറ്റ് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. മാർക്കറ്റിനകത്ത് കമ്പിത്തൂണിൽ ഷീറ്റുകൊണ്ട് മേൽക്കൂര നിർമ്മിച്ച് കച്ചവടത്തിനായി സൗകര്യപ്പെടുത്തിയെങ്കിലും തറയിലിരുന്ന് വിപണനം നടത്തേണ്ട ഗതികേടിലാണ് കച്ചവടക്കാർ. മഴ പെയ്താൽ മാർക്കറ്റിനകത്ത് വെള്ളം കെട്ടിനിൽക്കുന്നത് മറ്റൊരു പ്രധാന പോരായ്മയാണ്. അഴൂർ ഗ്രാമപഞ്ചായത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മാർക്കറ്റാണിത്. ആറു ലക്ഷത്തിപന്ത്രണ്ടായിരം രൂപ നികുതി ഇനത്തിൽ ഈ വർഷം ലഭിച്ചിട്ടുണ്ട്. ഇവിടെ ഹൈടെക് ഫിഷ്‌മാർക്കറ്റ് നിർമ്മിക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.