 വർഗീയത പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ഡി.ജി.പി

 ജാഗ്രത തുടരാൻ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം

തിരുവനന്തപുരം :ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ ആക്രമണം നടത്തിയ 1772 കേസുകളിൽ 5397പേർ ഇതുവരെ അറസ്റ്റിലായതായി ഡി.ജി.പി ലോക് നാഥ് ബഹ്റ അറിയിച്ചു. 731പേർ റിമാൻഡിലാണ്. 4666 പേർക്ക് ജാമ്യം ലഭിച്ചു.

സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ടെങ്കിലും ജാഗ്രത തുടരും.നിലവിലെ പൊലീസ് സന്നാഹം തുടരും. അക്രമം കാട്ടിയ എല്ലാവരും ഉടൻ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു. നവമാദ്ധ്യമങ്ങളിലൂടെയുംമറ്റും മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.

അക്രമം നീണ്ടുനിന്ന കണ്ണൂരിൽ 206 കേസുകളിൽ 365പേർ അറസ്റ്റിലായി. 34 പേർ റിമാൻഡിലായി. ഏറ്റുമുട്ടൽ രൂക്ഷമായ പാലക്കാട്ട് 283 കേസുകളിൽ 764 പേർ അറസ്റ്റിലായി. 104 പേർ റിമാൻഡിലായി. അക്രമം പടർന്ന അടൂർ ഉൾപ്പെട്ട പത്തനംതിട്ടയിൽ 267 കേസുകളിൽ 628പേർ അറസ്റ്റിലായി. 52പേർ റിമാൻഡിലായി.തലസ്ഥാന ജില്ലയിൽ 122 കേസുകളിൽ 289 പേർ അറസ്റ്റിലായി. 38 പേർ റിമാൻഡിലായി.