മലയിൻകീഴ്: ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായ ശാസ്താംപാറയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു. കഞ്ചാവ്, മദ്യപ സംഘങ്ങളുടെ താവളമായതോടെ ബുദ്ധിമുട്ടിലാകുന്നത് സഞ്ചാരികൾക്കും പ്രദേശവാസികളുമാണ്. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കരുവിലാഞ്ചി വാർഡിലുൾപ്പെട്ട ശാസ്താംപാറ പ്രകൃതി സൗന്ദര്യം കൊണ്ട് ടൂറിസം ഭൂപടത്തിൽ ഇടം നേടിയ വിനോദ സഞ്ചാര കേന്ദ്രമാണ്. പാറയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വിളക്കുകൾ, കെട്ടിടങ്ങളുടെ ജനൽചില്ലുകൾ, കുട്ടികളുടെ പാർക്ക് എന്നിവ ലഹരി സംഘം തല്ലിത്തകർത്തിട്ടുണ്ട്. പൊലീസ് പെട്രോളിംഗ് ഊർജിതമാക്കാറുണ്ടെങ്കിലും ശാസ്താംപാറയുടെ താഴ് വാരത്ത് പൊലീസ് ജീപ്പ് എത്തുമ്പോൾ തന്നെ മുകളിൽ നിൽക്കുന്നവർക്ക് കാണാനാവും. സാമൂഹ്യവിരുദ്ധർ അപ്പോഴേക്കും പറയുടെ മറുവശത്തുകൂടി രക്ഷപെടുകയാണ് പതിവ്. പാറയ്ക്ക് മുകളിലെ വറ്റാത്ത തെളിനീരുറവ പ്ലാസ്റ്റിക് കുപ്പികളും ആഹാരവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ് മലിനമാക്കിയിരിക്കുന്നു. സന്ദർശകർക്ക് വിശ്രമിക്കാനായി നിർമ്മിച്ചിട്ടുള്ള കൽമണ്ഡപങ്ങളിൽ ഒഴിഞ്ഞ മദ്യ കുപ്പികൾ കുന്നുകൂടി കിടക്കുന്നു. ശാസ്താംപാറയിൽ സുരക്ഷാ ജീവനക്കാരന്റെ സേവനം, സി.സി.ടി.വി ക്യാമറകൾ എന്നി സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.