theruvnaya

വർക്കല: വർക്കല താലൂക്കിൽ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച തെരുവ് നായ വന്ധ്യംകരണ പദ്ധതി പാടേ പാളി. പദ്ധതി പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇലകമൺ ഗ്രാമപഞ്ചായത്തൊഴികെ മറ്റ് പഞ്ചായത്തുകളിലും വർക്കല നഗരസഭയിലും പദ്ധതി നടപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

2017 ജനുവരി 1ന് സമ്പൂർണ അനിമൽ ബർത്ത് കൺട്രോൾഡ് ജില്ലയായി പ്രഖ്യാപിക്കുന്ന തരത്തിൽ തെരുവ്നായ വന്ധ്യംകരണത്തിന് യുദ്ധകാലാടിസ്ഥാനത്തിലുളള പ്രവർത്തനങ്ങളുമായിറങ്ങിയ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ നിന്ന് പിന്മാറിയ അവസ്ഥയിലാണ്.

പദ്ധതിക്കായി 18 ട്രെയിനികൾ,​ ആറ് പരിശീലകർ എന്നിവരുൾപ്പെടെ 24 അംഗ സംഘത്തെ പ്രാരംഭഘട്ടത്തിൽ നിയോഗിച്ചിരുന്നു. ഈ സംഘം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തെരുവ് നായ്ക്കളെ പിടികൂടിയിരുന്നു. നായ്ക്കളെ പിടികൂടാൻ പരിചയമുള്ള ഒരാളും ഇദ്ദേഹം പരിശീലനം നൽകുന്ന മറ്റു മൂന്ന് പേരും ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്. എന്നാൽ ക്രമേണ ഇവരുടെ സേവനം പൂർണമായും നിലച്ചു. മതിയായ വേതനം കിട്ടാതായതോടെ പരിശീലനം ലഭിച്ചവരിൽ പലരും ഈ തൊഴിൽ ഉപേക്ഷിച്ചു.

വർക്കല നഗരസഭയിൽ വളർത്തുനായ്ക്കൾക്ക് തിരിച്ചറിയൽ ബെൽറ്റ് വിതരണം നടത്തിയതൊഴിച്ചാൽ തുടർ നടപടികളൊന്നും ഉണ്ടായില്ല. പദ്ധതി പ്രകാരം തെരുവ് നായ്ക്കളെ പിടികൂടാനും അവയെ മൃഗാശുപത്രിയിൽ എത്തിച്ച ശേഷം കൂട്ടിലടയ്ക്കാനും മുനിസിപ്പൽ ടൗൺഹാളിന് പിറകിലായി സ്ഥലവും നിശ്ചയിച്ചിരുന്നു. നായ്ക്കളെ പിടികൂടാൻ അറിയാവുന്നവരുടെ പരിമിതിയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്.

പഞ്ചായത്തുകൾ ഉറക്കത്തിൽ

പഞ്ചായത്തുകളിൽ പദ്ധതി തന്നെ വിസ്മൃതിയിലാണ്. അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും പഞ്ചായത്തുകളിലെ മൃഗാശുപത്രികളിൽ വന്ധ്യം കരണത്തിനുളള സർജിക്കൽ യൂണിറ്റുകളോ വെറ്രറിനറി സർജന്മാരോ ഇല്ല. പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെങ്കിൽ ഓരോ പഞ്ചായത്തിലും വന്ധ്യംകരണ കേന്ദ്രം, വെറ്ററിനറി സർജൻ, നായ്ക്കളെ തെരുവിൽ നിന്ന് പിടികൂടി എത്തിക്കുന്നതിന് പരിശീലനം ലഭിച്ച ജീവനക്കാർ, വന്ധ്യംകരണം നടത്തുന്നതിനുളള ശീതീകരിച്ച മുറി, വന്ധ്യംകരണത്തിന് മുമ്പും ശേഷവും നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള മുറികൾ എന്നിവ സജ്ജമാക്കണം.