കാട്ടാക്കട: അവധി ദിനവും പ്രവർത്തിച്ച് കാട്ടാക്കട താലൂക്ക് ഓഫീസ്. കാൽ നൂറ്റാണ്ടായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്നവർക്ക് പട്ടയം നല്കുന്നതിനുള്ള ഇന്നലെ അവധി ദിനത്തിലും ഉദ്യോഗസ്ഥർ ജോലിക്കെത്തിയത്. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ, മറ്റ് ജീവനക്കാർ എല്ലാവരും ജോലിക്കെത്തുകയും പട്ടയ വിതരണവുമായി ബന്ധപ്പെട്ട ഫയലുകളിൽ നടപടികളും തുടങ്ങി. ഈ മാസം 11ന് പട്ടയമേള നടക്കുന്നതിന്റെ മുന്നോടിയായാണ് അവദിദിനവും പ്രവർത്തിച്ചത്. ഹർത്താലുകളും പൊതു അവധികളും കാരണം നീണ്ടുപോയ പ്രവർത്തനങ്ങളാണ് ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനത്തിലുടെ ഇന്നലെ നടന്നത്. താലൂക്കിലെ കുളത്തുമ്മൽ, വിളപ്പിൽ, മലയിൻകീഴ്, മാറനല്ലൂർ, കീഴാറൂർ, ഒറ്റശേഖരമംഗലം, മണ്ണൂർകര വില്ലേജുകളിൽ താമസിക്കുന്ന പഞ്ചായത്തു അനുവാദ പത്രം നൽകിയിട്ടുള്ള കോളനികൾ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽതാമസിക്കുന്നവർ ഇതിന്റെ ഗുണഭോക്താക്കളാകും. ഇവർക്ക് നാലുസെന്റ് വരെയുള്ള ഭൂമി സ്വന്തമായി ലഭിക്കും. കോളനി പട്ടയം സർവേ സബ് ഡിവിഷൻ നമ്പർ കൂടെ ചേർത്താണ് നടപടികൾ പൂർത്തീകരിക്കുന്നത്. ഇവർക്ക് വസ്തു ക്രയവിക്രയത്തിനുൾപ്പടെ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകും. കള്ളിക്കാട് പഞ്ചായത്തിലെ ചാമവിളപുറത്തെ 2006 വരെ കരം തീരുവ ഉണ്ടായിരുന്നവർക്ക് കരമടയ്ക്കാൻ തടസ്സം നേരിട്ടിരുന്നു. കൃഷിയിടങ്ങൾ സർക്കാർ തരിശു ഭൂമിയായി. എഴുപതോളം പേർക്ക് 15സെന്റിന് താഴെ ഭൂമി ഉണ്ടെങ്കിലും അതിൽ പതിവ് ഭൂമി ഇല്ലാത്തവർക്കാണ് ഇപ്പോൾ പട്ടയം നൽകുന്നത്. മാറനല്ലൂർ പഞ്ചായത്തിലാണ് പട്ടയം ലഭിക്കുന്ന ഗുണഭോക്താക്കൾ കൂടുതൽ. മണ്ണൂർക്കര വില്ലേജിലെ പച്ചക്കാട് റോഡരികത്തു വീട്ടിൽ ബേബി 70 ആണ് പട്ടയം ലഭിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി.