mammootty-and-balachandra

തിരുവനന്തുപുരം: മലയാളി മാറിയപ്പോൾ മനോഭാവങ്ങളും മാറി. ആ മാറ്റം സൗഹൃദങ്ങളെപ്പോലും ഉലയ്ക്കുന്ന മട്ടിലാകുന്നതിൽ ആധിയുമായി രണ്ടു പ്രിയസുഹൃത്തുക്കൾ. ഒരാൾ സാക്ഷാൽ മമ്മൂട്ടി. മറ്റേയാൾ അക്ഷരങ്ങളിൽ അഗ്നി ജ്വലിപ്പിച്ച ബാലചന്ദ്രൻ ചുള്ളിക്കാട്.

കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ, സൗഹൃദ സംഭാഷണത്തിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ചുള്ളിക്കാട് മാധ്യമപ്രവർത്തകനായ സുഹൃത്ത് ഹരിലാൽ രാജഗോപാലിന് വാട്സ്ആപ്പ് ചെയ്തു. ഹരിലാൽ അത് ഫേസ്ബുക്കിലിട്ടു. മമ്മൂട്ടി പറഞ്ഞ രണ്ടു വരിയിൽ ഏതൊരാളുടെയും ആധിയുണ്ട്. ചുള്ളിക്കാടിന്റെ കുറിപ്പ് ഇങ്ങനെ:

വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്കു ജോലി. മമ്മൂട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി ചോദിച്ചു:

'സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?'

'അതെ.' ഞാൻ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി. കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനു കീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു: ' പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?'