1

പൂവാർ: പൂവാറിലെ അഗ്നി രക്ഷാസേനാ വിഭാഗം സ്വന്തമായി ഒരു കെട്ടിടത്തിനുവേണ്ടി കാത്തിരിക്കുകയാണ്. 2009ൽ പൂവാറിൽ ആലിപ്പടർന്ന വർഗ്ഗീയ കലാപവും തുടർന്നുണ്ടായ തീപിടിത്തവും നിരവധി വീടുകളെ ചാമ്പലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ അന്നത്തെ സർക്കാർ തീരുമാനിച്ചതായിരുന്നു പൂവാറിൽ അഗ്നി രക്ഷാ നിലയം. എന്നാൽ അന്നുമുതൽ അഗ്നിരക്ഷാ നിലയത്തിന് സ്വന്തമായി ഒരു കെട്ടിടമെന്ന സ്വപ്നം പാഴ്വാക്കായി തുടരുകയാണ്. വാടക കെട്ടിടത്തിലെ പരിമിധികൾക്കുള്ളിൽ ഒതുങ്ങേണ്ട അവസ്ഥ. 2018 ഡിസംബർ വരെ പ്രവർത്തിച്ച കൊട്ടിടത്തിൽ നിന്നും പുതിയ വാടക കെട്ടിടത്തിലേക്ക് കൂടുമാറിയിരിക്കുകയാണ്. എന്നിട്ടും സ്വന്തമായി ഒരു കെട്ടിടം ഇനിയും അകലെയാണ്. മുൻകെട്ടിടത്തിന് 9000 രൂപയായിരുന്നു വാടക. ഇപ്പോൾ 16700 രൂപയുടെ കെട്ടിടത്തിലേക്ക് മാറിയെന്നുമാത്രം. കൂടാതെ വൈദ്യുതിയും വാട്ടർ ചാർജ്ജും ഉൾപ്പടെ മറ്റ് ചെലവുകൾ ഒരു മാസം 25000 രൂപയോളം വാടകയിനത്തിൽ ചെലവുവരുന്നുണ്ട്.

 പരിമിതികൾ വീണ്ടും

23700 രൂപ വരെ വാടക കിട്ടാവുന്ന കെട്ടിടമാണ് ഇതെങ്കിലും ഡിപ്പാർട്ട്മെന്റിന് പരമാവധി നൽകാവുന്ന വാടകയാണ് ഇപ്പോൾ നൽകുന്നത്. ഈ കെട്ടിടത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇവിടുത്തെ വാഹനങ്ങൾ കയറ്റിയിടാൻ ആവശ്യത്തിന് സ്ഥലമില്ല. കഴിഞ്ഞകാലങ്ങളിലെ വാടക കെട്ടിടങ്ങൾ ഇത്തരമൊരു സ്ഥാപനത്തിന് അനുയോജ്യമായ സ്ഥലങ്ങളായിരുന്നില്ല.

 പൂവാറിൽ പൊഴിമൂടിയാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് പതിവാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം സ്റ്റേഷൻ കെട്ടിടത്തിലേക്ക് ഇരച്ചുവരുന്നതും പതിവായി. 40 ഓളം ജീവനക്കാരുള്ള ഫയ|സ്റ്റേഷനിൽ അസൗകര്യങ്ങൾ കൂടിയതോടെയാണ് പഴയ കെട്ടിടം മാറണമെന്ന ആവശ്യം ഡിപ്പാർട്ട്മെന്റിന് മുന്നിൽ വെച്ചത്. നിജ സ്ഥിതി ബോദ്യപ്പെട്ടതോടെയാണ് വേറെ കെട്ടിടത്തിലേക്ക് മാറാൻ ഡിപ്പാർട്ട് മെന്റ് അനുവദിച്ചതെന്ന് പൂവാർ ഫയർസ്റ്റേഷൻ ഓഫീസർ എ.എൽ. ബൈജു പറഞ്ഞു.

സ്ഥലം കിട്ടിയിട്ടും

അനുയോജ്യമായ ഒരു സ്ഥലം കിട്ടിയാൽ അവിടെ കെട്ടിടം നിർമ്മിക്കാൻ ഡിപ്പാർട്ട്മെന്ന് സന്നദ്ധമാണ്. ഈ വിഷയം ചൂണ്ടി കാട്ടി പൂവാർ പഞ്ചായത്തിന് നിരവധി നിവേദനങ്ങൾ നൽകിയിട്ടുമുണ്ട്. എന്നാൽ നാളിതുവരെ അനുകൂല തീരുമാനം കൈക്കൊണ്ടിട്ടില്ലന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. വളരെ കാലങ്ങൾക്ക് ശേഷം ഇപ്പോൾ അരുമാനൂരിലെ ചതുപ്പുനിലം ഫയർഫോഴ്‌സിന് നൽകാൻ തീരുമാനിച്ചിതായും പറയുന്നു. ഇതാകട്ടെ കെട്ടിടം നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലവുമല്ല.