chittar

വിതുര: പൊൻമുടി- തിരുവനന്തപുരം സംസ്ഥാനപാതയിൽ ആനപ്പാറ ചിറ്റാറിൽ പുതിയ പാലം നിർമ്മിക്കുമെന്ന അധികാരികളുടെ വാഗ്ദാനം കടലാസിലുറങ്ങാൻ തുടങ്ങിയിട്ട് കാലങ്ങളായി. നാല് വർഷങ്ങൾക്ക് മുൻപ്‌തന്നെ ഇവിടെ പാലം നിർമ്മിക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും നിർമ്മാണത്തിനുള്ള നടപടികൾ മാത്രം എങ്ങുമെത്തിയിട്ടില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ചിറ്റാർപാലം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അപകടാവസ്ഥയിൽ തന്നെ തുടരുകയാണ്. ബ്രിട്ടീഷ് മേധാവികൾക്കും രാജാക്കൻമാർക്കും പൊൻമുടിയിൽ എത്താൻ നിർമ്മിച്ചതായിരുന്നു ഈ പാലം. ഇത് പുനഃർ നിർമ്മിക്കുമെന്ന വാഗ്ദാനങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചിറ്റാർ പാലത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്തകൾ നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ചിറ്റാർ പാലം പുനഃർനിർമ്മിക്കുന്നതിനുള്ള നടപടികൾ മാത്രം എങ്ങുമെത്തിയിട്ടില്ല. ബലക്ഷയം നേരിടുന്ന പാലം നിലനിറുത്തി ചിറ്റാറിൽ പുതിയ പാലം ഉടൻ നിർമ്മിക്കണമെന്ന് ആനപ്പാറ എസ്.എൻ.ഡി.പി ശാഖായോഗം ഭാരവാഹികൾ ആവശ്യപ്പെട്ടു.

മുപ്പത് വർഷം മുൻപ് വരെ സജീവമായിരുന്ന കല്ലാർ ചന്തയിലേക്കും മറ്റും എത്തുന്നതിനായി പല സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ ആശ്രയിച്ചിരുന്നത് ചിറ്റാർ പാലത്തെയായിരുന്നു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന നുറുകണക്കിന് വാഹനങ്ങളാണ് ദിനവും ഇതുവഴി കടന്നുപോകുന്നത്. കാലങ്ങളായി ഉണ്ടാകുന്ന മലവെള്ളപ്പാച്ചിൽ പാലത്തിനുമുകളിലൂടെ കുത്തിയൊലിച്ചിട്ടും പാലം ശക്തമായി തന്നെ നിന്നു. എന്നാൽ പാലത്തിന്റെ കൈവരികൾ തകർന്നതോടെ അപകടങ്ങളും പതിവായി. ചിറ്റാർ പാലത്തിന്റെ ആണിക്കല്ലിളകി വീഴുകയും മഴയത്ത് പാലത്തിന്റെ ഒരു വശത്ത് വിള്ളൽ വീഴുകയും ചെയ്തിരുന്നു. രണ്ട് തവണ ഗതാഗതം നിറുത്തിവയ്ക്കുകയും ചെയ്തു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കവും പതിവാണ്.

മഴകനത്താൽ പാലം വെള്ളത്തിൽ

പൊൻമുടി, ബോണക്കാട് വനാന്തരങ്ങളിൽ മഴ കനത്താൽ ചിറ്റാർ പാലം വെള്ളത്തിൽ മുങ്ങുക പതിവാണ്. മഴക്കാലത്ത് അനവധി തവണ പാലത്തിന് മുകളിലൂടെ ജലപ്രവാഹം ഉണ്ടാകുകയും പൊൻമുടി വിതുര റോഡിൽ ഗതാഗതം നിലക്കുകയും ചെയ്തിട്ടുണ്ട്. മാറി,മാറി വരുന്ന സർക്കാരുകൾ ചിറ്റാറിൽ പുതിയ പാലം നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകാറുണ്ടെങ്കിലും പ്രഖ്യാപനങ്ങൾ ജലരേഖയായി മാറുകയാണ് പതിവ്.


പാലംപണിമാത്രമില്ല
നാല് വർഷംമുൻപ് ചിറ്റാർ പാലം വെള്ളത്തിൽ മുങ്ങിയപ്പോൾ മുൻ സ്പീക്കർ ജി. കാ‌ത്തികേയൻ നൽകിയ പ്രപ്പോസലിന്റെ ഭാഗമായി ചിറ്റാറിൽ പുതിയ പാലംനിർമ്മിക്കുന്നതിനായി മൂന്ന് ലക്ഷം രൂപ ചിലവിൽ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തീകരിച്ച് വിശദമായ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഏഴ് കോടി രൂപ പാലത്തിനായി അനുവദിച്ചു. പക്ഷേ പിന്നീട് അനക്കമൊന്നും ഉണ്ടായില്ല. പുതിയ സർക്കാരിന്റെ കാലത്തും പാലത്തിനായി മുറവിളി ഉയർന്നെങ്കിലും നടപടി മാത്രമില്ല.