kadakampally-surendran

തിരുവനന്തപുരം:നിയമലംഘനം നടത്തിയ ശബരിമല തന്ത്രിയെ മാറ്റാൻ ദേവസ്വം ബോർഡിനു സാധിക്കുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. യുവതികൾ സന്നിധാനത്ത് എത്തിയതിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയോട് ബോർഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇത്തരം ചടങ്ങുകൾ നടത്തുന്നതിനു മുൻപ് ബോർഡുമായി തന്ത്രി ആലോചിക്കണം. തന്ത്രിയുടെ മറുപടി ലഭിച്ചശേഷം അടുത്ത നടപടി ആലോചിക്കും. സുപ്രീംകോടതി വിധി ലംഘിക്കാൻ ശബരിമല തന്ത്രിക്ക് അവകാശമില്ല. ശബരിമലയിൽ നടത്തിയ ശുദ്ധിക്രിയ അയിത്താചാര നിരോധന നിയമത്തിന്റെ പരിധിയിൽ വരും. തന്ത്രിയെ മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് നടഅടച്ച ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഇന്നലെ നോട്ടീസ് നൽകിയതിനു പിന്നാലെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

യുവതികളായി ബിന്ദുവും കനകദുർഗയും ശബരിമലയിൽ പ്രവേശിച്ചത് മുഖ്യമന്ത്രി സ്ഥിരീകരിച്ചയുടനാണു തന്ത്രി കണ്ഠര് രാജീവരുടെ നിർദ്ദേശാനുസരണം നട അടച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ തന്ത്രി ടെലിഫോണിൽ വിളിച്ചിരുന്നുവെങ്കിലും ശുദ്ധികലശം നടത്തുകയാണെന്നു സ്വമേധയാ പറയുകയായിരുന്നു. ഈ നടപടി സുപ്രീംകോടതി വിധിയുടെ അന്തഃസത്തയ്ക്ക് ചേരുന്നതല്ലെന്ന് വിലയിരുത്തിയാണ് വിശദീകരണം തേടാൻ ബോർഡ് യോഗം തീരുമാനിച്ചത്.