തിരുവനന്തപുരം: ഇപ്പോൾ കേരളത്തിൽ അനുഭവപ്പെടുന്നത് കഴിഞ്ഞ 30 വർഷത്തെ ഏറ്റവും വലിയ തണുപ്പ് .
മൂന്നാറിൽ തണുപ്പ് പൂജ്യത്തിലും താഴെ മൈനസ് മൂന്നായി. ശബരിമലയിൽ 16ഡിഗ്രിയായി. സാധാരണ ജനമേഖലകളിൽ പുനലൂരിലാണ് ഇൗ വർഷത്തെ റെക്കോഡ് തണുപ്പ്.16.2 ഡിഗ്രി. മുപ്പതുവർഷം മുമ്പ് കോട്ടയത്ത് രേഖപ്പെടുത്തിയ 17 ഡിഗ്രിയായിരുന്നു ഈ കാലയളവിലെ ഏറ്റവും വലിയ തണുപ്പ്.
ഡിസംബറിൽ തുടങ്ങിയ ശൈത്യകാലം ഫെബ്രുവരിയിൽ തീരും.19ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില.ഒന്നോ, രണ്ടോ ഡിഗ്രിയാണ് സാധാരണ കുറയുന്നത്. ഇൗ വർഷം നാലു ഡിഗ്രിയോളം കുറഞ്ഞു. പുനലൂരിൽ 4.4, കോട്ടയത്ത് 4.1, തിരുവനന്തപുരത്ത് 1.2 എന്ന തരത്തിലാണ് താപനില കുറഞ്ഞത്.
തിരുവനന്തപുരം,കണ്ണൂർ, ആലപ്പുഴ, കോട്ടയം,കോഴിക്കോട് മേഖലകളിൽ പുലർകാലത്ത് കടുത്ത തണുപ്പുണ്ട്.
വരണ്ട ഉത്തരേന്ത്യൻ കാറ്റാണ് കേരളത്തിൽ തണുപ്പുണ്ടാക്കുന്നതെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. വടക്കേഇന്ത്യയിൽ കടുത്ത ശൈത്യമാണിപ്പോൾ. ഡൽഹിയിൽ 9 ഡിഗ്രിയും മഹാരാഷ്ട്രയിൽ 5.9 ഡിഗ്രിയുമാണ് താപനില. വരണ്ട ഹിമകാറ്റ് പശ്ചിമഘട്ടപർവതനിരകൾ ആഗിരണം ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്ന പ്രതിഭാസമാണ് ഇവിടെ തണുപ്പുണ്ടാക്കുന്നത്. ഇത് ഒരാഴ്ചകൂടി ഇതേനിലയിൽ തുടരും.