പാറശാല: സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാറശാല നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. അതിന്റെ ഭാഗമായി പാറശാല ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിന് മൂന്നു കോടി രൂപയും, ധനുവച്ചപുരം എൻ.കെ.എം ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്‌കൂൾ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈലച്ചൽ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കീഴാറൂർ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ആനാവൂർ എന്നിവയ്ക്ക് ഒരു കോടി രൂപ വീതവും ഫണ്ട് അനുവദിച്ചു.

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം ഉയർന്ന ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസവും ഉറപ്പു വരുത്തും. ഇതിനായി പദ്ധതിയുടെ സമ്പൂർണ മാസ്റ്റർപ്ലാൻ തയ്യാറാക്കും.

പാറശാല നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ സൂര്യകാന്തി പദ്ധതിയുടെ ഭാഗമായി മുഴുവൻ പൊതുവിദ്യാലയങ്ങളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. ഇതിനകം വിദ്യാഭ്യാസ മേഖലയിൽ മാത്രം 50 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. പാറശാല നിയോജക മണ്ഡലത്തെ സമ്പൂർണ ഹൈടെക് മണ്ഡലമായി ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും എം.എൽ.എ പറഞ്ഞു.