pinarayi-vijayan

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന്റെ പേരിൽ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈരജീവിതവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഭീഷണിക്ക് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അക്രമം നടത്തുന്ന ഇവർ തന്നെയാണ് ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. അല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ല.

ഭരണാഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്ന സർക്കാരിനെതിരെ ഭീഷണി ഉയർത്തുന്നതാണ് ഭരണഘടനാ വിരുദ്ധം. സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാൻ നിർദേശിക്കുകയാണ് ബി.ജെ.പി ദേശീയ നേതൃത്വം ചെയ്യേണ്ടത്.

ഉത്തരേന്ത്യയിൽ സംഘപരിവാർ പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് ശ്രമിക്കുന്നത്. അതു നടക്കില്ല. അക്രമങ്ങളെ നിർദാക്ഷിണ്യം അടിച്ചമർത്തും. രാഷ്ട്രീയം നോക്കാതെയുള്ള കർശന നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഒരു തരത്തിലുളള ഭീഷണിക്കും വഴങ്ങില്ല. അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.