തിരുവനന്തപുരം: സപ്ലൈകോയിൽ നിന്ന് ഇനി പയർ വർഗങ്ങൾ പതിവിലും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. സബ്സിഡി നിരക്കിൽ ഇപ്പോൾ വില്ക്കുന്ന ചെറുപയർ, കടല, തുവരപ്പരിപ്പ് എന്നിവയുടെ വില കുറയ്ക്കാനാണ് ഭക്ഷ്യവകുപ്പ് നിർദേശം.
നാഫെഡ് സംഭരിച്ച പയർവർഗ്ഗങ്ങൾ ഭക്ഷ്യ വകുപ്പു വഴി ലഭ്യമാക്കുന്നതിലൂടെയാണ് പൊതുവിപണി വിലയിൽ നിന്ന് 24 മുതൽ 35 ശതമാനം വരെ കുറഞ്ഞ നിരക്കിൽ മാവേലി സ്റ്റോറിലൂടെ ഇവ വിതരണം ചെയ്യുക.
സബ്സിഡി നിരക്കിൽ വില്ക്കുന്ന 13 ഇനങ്ങളിൽ ഉൾപ്പെട്ടതാണ് ഇവ. സബ്‌സിഡി സാധനങ്ങൾ റേഷൻ കാർഡിന് മാസത്തിൽ ഒരു കിലോ വീതമാണ് വിറ്റിരുന്നതെങ്കിൽ ഈ മൂന്നിനവും ഇനി രണ്ടു കിലോ വീതം നൽകും. വൈകാതെ ഉഴുന്നു കൂടി ഇങ്ങനെ സംഭരിച്ച് കുറഞ്ഞ വിലയിൽ ലഭ്യമാക്കും. തുവരപ്പരിപ്പും കടലയും മാവേലി സ്റ്റോറുകളിൽ എത്തിക്കഴിഞ്ഞു. ചെറുപർ ഈയാഴ്ച തന്നെ എത്തിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇനം. പൊതുവിപണി വില, സപ്ളൈകോ പഴയവില, പുതിയവില
കടല 78 65 59
തുവരപ്പരിപ്പ് 60 43 39
ചെറുപയർ 74 69 49