തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനത്തിൽ സർക്കാരിനോട് ഇടഞ്ഞുനിൽക്കുന്ന എൻ.എസ്.എസ് നേതൃത്വം,'വിശ്വാസലംഘനം' നേരിടാൻ വിവിധ മതവിശ്വാസികളോട് ആഹ്വാനം ചെയ്ത് രംഗത്തെത്തിയത് ഇരുതലമൂർച്ചയുള്ള ആക്രമണമായി ഇടത് നേതൃത്വം കാണുന്നു. ഉടൻ പ്രതിരോധവുമായി ഇടത് നേതാക്കൾ കൂട്ടമായെത്തിയതോടെ ശബരിമല രാഷ്ട്രീയത്തിൽ എൻ.എസ്.എസ്- ഇടത് പോര് വീണ്ടും കനത്തു.
നവോത്ഥാനത്തിന്റെ പേരിൽ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കി സംസ്ഥാനത്ത് നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമെന്നാണ് എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ ഇന്നലെ പ്രസ്താവനയിൽ ആരോപിച്ചത്.
വിശ്വാസലംഘനത്തിനെതിരെ എല്ലാ മതവിശ്വാസികളും സംഘടനകളും സമാധാനപരമായി പ്രതികരിക്കണമെന്ന സുകുമാരൻ നായരുടെ ആഹ്വാനം, രണ്ടാം വിമോചനസമരത്തിന് ഹിന്ദു ഐക്യവേദി നേതാവ് ശശികല നടത്തിയ ആഹ്വാനത്തോട് ചേർത്ത് വായിക്കുകയാണ് ഇടതുനേതാക്കൾ. സംസ്ഥാനത്തെ സംഘർഷാന്തരീക്ഷത്തിൽ കേന്ദ്ര ഇടപെടലിന് ആർ.എസ്.എസ് കളമൊരുക്കുന്നുവെന്ന ഇടത് ആരോപണത്തിന് ബലമേകുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് അവർ കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ, വിശ്വാസപ്രശ്നമുയർത്തിയുള്ള എൻ.എസ്.എസ് നിലപാട് മതന്യൂനപക്ഷങ്ങളിലടക്കം തെറ്റിദ്ധാരണ പരത്തിയേക്കാമെന്ന കണക്കുകൂട്ടലിലുമാണ് ഇടത് നേതാക്കളുടെ പ്രതിരോധം.
എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രണ്ടാം വിമോചനസമരമെന്ന ഹിന്ദു ഐക്യവേദിയുടെ ആഹ്വാനത്തെ സഹായിക്കാനുമാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. എല്ലാ മതവിശ്വാസികളും സംഘടനകളും സർക്കാരിനെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് ആർ.എസ്.എസുകാർ നടത്തുന്ന കലാപശ്രമങ്ങൾക്ക് ഉത്തേജനമേകാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന കടുത്ത വിമർശനവും കോടിയേരി ഉയർത്തി. സമദൂര കണ്ണിലൂടെ കാണാത്തതിന്റെ കുഴപ്പമാണ് എൻ.എസ്.എസിനെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും സുകുമാരൻ നായരുടേത് അക്രമത്തിന് നേതൃത്വം നൽകുന്നവരെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും എൻ.എസ്.എസ് അബദ്ധം തുടരുകയാണെന്ന് മന്ത്രി ഇ.പി. ജയരാജനും പ്രതികരിച്ചു.
വനിതാമതിലിനെതിരെ കടുത്ത വിമർശനമുയർത്തുകയും ശബരിമല കർമ്മസമിതിയുടെ അയ്യപ്പജ്യോതിക്ക് പിന്തുണ നൽകുകയും ചെയ്ത് എൻ.എസ്.എസ് ജനറൽസെക്രട്ടറി പരസ്യമായി രംഗത്തെത്തിയത്, എൻ.എസ്.എസ് - ഇടത് പോരിന് നേരത്തേ വഴിയൊരുക്കിയതാണ്.എൻ.എസ്.എസിനെ ആർ.എസ്.എസിന്റെ തൊഴുത്തിൽ കെട്ടുന്നുവെന്ന് ആരോപിച്ച് കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വരികയുണ്ടായി. എന്നാൽ, പിന്നീടിങ്ങോട്ട് സി.പി.എം നേതൃത്വം പ്രതികരണങ്ങളിൽ മിതത്വം കാട്ടിയെങ്കിലും വനിതാമതിലിന് ശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് ആക്ഷേപിച്ച് പിന്നോട്ടില്ലെന്ന നിലപാട് എൻ.എസ്.എസ് ജനറൽസെക്രട്ടറി ആവർത്തിച്ചു. എൻ.എസ്.എസിന്റെ നവോത്ഥാനപാരമ്പര്യം എടുത്തുപറഞ്ഞാണ്, വർഗ്ഗീയതയ്ക്കും മതനിരപേക്ഷതയ്ക്കും മദ്ധ്യേ ഒരു സമദൂരമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചത്. എൻ.എസ്.എസിന്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്ന് ചിത്രീകരിക്കുകയായിരുന്നു മുഖ്യമന്ത്രി അതുവഴി ചെയ്തത്. എൻ.എസ്.എസിന്റെ പുതിയ നിലപാടിന് പേരെടുത്ത് മറുപടി പറഞ്ഞില്ലെങ്കിലും ഒരു തരത്തിലുള്ള ഭീഷണിക്കും സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
സംഘപരിവാറിന്റെ ഹൈന്ദവധ്രുവീകരണ നീക്കങ്ങൾക്ക് വളമേകുന്നതാണ് എൻ.എസ്.എസ് നിലപാടെന്ന് ഇടത് കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. മലയരയർക്കും ഈഴവ കുടുംബത്തിനുമുണ്ടായിരുന്ന അവകാശങ്ങൾ എടുത്തുകളഞ്ഞപ്പോൾ ആചാരലംഘനപ്രശ്നം ഉണ്ടായിട്ടില്ലേയെന്ന കോടിയേരിയുടെ ചോദ്യവും എൻ.എസ്.എസിന്റേത് ഇരട്ടത്താപ്പാണെന്ന് സ്ഥാപിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.