വെള്ളറട: നാൽപതുവർഷമായി താമസിച്ചുവന്ന സ്ഥലംതിരികെ ലഭിക്കുന്നതിനായി ഭാർഗവി ആര്യങ്കോട് പഞ്ചായത്ത് ഓഫീസ്‌ പടിക്കൽ സമരം തുടങ്ങിയിട്ട് ഇന്ന് 41 ദിവസം പിന്നിടുന്നു. പഴിഞ്ഞിപ്പാറ കോളനിയിൽ അഞ്ചുസെന്റ് സ്ഥലത്ത് ഉണ്ടായിരുന്ന കൂര പൊളിച്ച്, ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ചതിനെ തുടർന്ന് പണി ആരംഭിച്ചതോടെയാണ് ഇവരുടെ സ്ഥലത്തിന് മറ്റൊരു അവകാശി രംഗത്ത് എത്തിയത്. വസ്തു സംബന്ധിച്ച് കേസ് നിലവിലുണ്ടെന്നും വീടുവയ്ക്കാൻ പറ്റില്ലെന്നും പറഞ്ഞ് ആര്യങ്കോട് ഗ്രാമപഞ്ചായത്തിന് പരാതി നല്കി. പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് വീട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. ഇതിനെ തുടർന്ന് ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാർഗവി പഞ്ചായത്ത് ഓഫീസ് പടിക്കൽ സമരം തുടങ്ങി. ഭാർഗവിയെ സഹായിക്കാൻ കോൺഗ്രസുകാരും പഞ്ചായത്ത് ഓഫീസിനു മുന്നിൽ മറ്റൊരു ഷെഡ് കെട്ടി സമരം തുടങ്ങി. കാട്ടാക്കട തഹസീൽദാരുടെയും നെയ്യാറ്റിൻകര ഡി. വൈ. എസ്. പി യുടെയും നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭാ‌ർഗവിക്ക് മറ്റേതെങ്കിലും കോളനിയിൽ പഞ്ചായത്ത് വസ്തു കണ്ടെത്തി വീടുവച്ച് നൽകാമെന്ന് തീരുമാനിച്ചിരുന്നു. ഭാർഗവിയുടെ മാതാവ് സുന്ദരിയുടെ പേരിൽ പഴിഞ്ഞിപ്പാറ കോളനിയിൽ തന്നെയുള്ള സ്ഥലത്ത് വീടുവച്ച് നൽകാമെന്നും ഭാർഗവിയും ശാരദയും ഇപ്പോൾ താമസിച്ചുവന്ന സ്ഥലത്ത് നടന്നുവരുന്ന സിവിൽകേസ് തീരുന്ന മുറയ്ക്ക് ഉചിതമായ നടപടി സ്വീകരിക്കാമെന്നും അറിയിച്ചു. ഈ ഒത്തുതീർപ്പ് വ്യവസ്ഥകൾക്കൊന്നും അവർ തയ്യാറായില്ല. നേരത്തേ താമസിച്ചിരുന്ന സ്ഥലത്തുതന്നെ വീട് ലഭിക്കണമെന്ന ആവശ്യമാണ് സമരം നീളാൻ കാരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ പറഞ്ഞു.