നെടുമങ്ങാട്: നഗരസഭയിൽ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള നീക്കത്തോട് ഗുണഭോക്താക്കൾ മുഖം തിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി അപേക്ഷനൽകിയ 1,100ഓളം പേരിൽ പകുതി ആളുകൾക്കും ഫ്ലാറ്റ് വേണ്ട. പകരം സ്ഥലം വാങ്ങി അതിൽ വീട് നിർമ്മിച്ച് നല്കിയാൽ മതിയെന്നാണ് ആവശ്യം. നഗരസഭാ നിർദ്ദേശം അനുസരിച്ച് ഫ്ലാറ്റ് നിർമ്മാണത്തിന് അമ്പത് കോടിയോളം രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ച നഗരസഭയ്ക്ക് അപേക്ഷകരുടെ വിമുഖത തിരിച്ചടിയായി. സ്ഥലം ഉള്ളവരെ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ, ഭൂരഹിതരുടെ പുനരധിവാസമാണ് അവതാളത്തിലായിരിക്കുന്നത്. ലൈഫ് മിഷൻ മാർഗനിർദ്ദേശം അനുസരിച്ച് ഫ്ലാറ്റ് നിർമ്മാണ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് നഗരസഭ. മഞ്ചയിൽ നഗരസഭയുടെ പേരിലുള്ള 1.38 ഏക്കർ ഭൂമിയാണ് ഇതിനായി പരിഗണിക്കുന്നത്. കുറച്ചു കൂടി വഴി സൗകര്യമുള്ള പേരുമലയിലെ രണ്ടേക്കറോളം നഗരസഭ വക ഭൂമിയാണ് ഫ്ലാറ്റ് നിർമ്മിക്കാൻ ആദ്യം നിശ്ചയിച്ചതെങ്കിലും ജയിൽ നിർമ്മിക്കുന്നതിനായി ജയിൽ വകുപ്പ് ഇവിടം ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് ഫ്ലാറ്റ് സമുച്ഛയത്തിന് മഞ്ചയിലെ സ്ഥലം നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചത്. ഗുണഭോക്താക്കളുടെ വിമുഖത കണക്കിലെടുത്ത് അപേക്ഷകരുമായി വീണ്ടും കൂടിക്കാഴ്ച്ച നടത്തി 500 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് നിർമ്മിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി ഹഡ്കോയിൽ നിന്ന് വായ്പ എടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വിശദമായ സ്കെച്ചും ലൊക്കേഷനും സർക്കാരിനു സമർപ്പിച്ചു കഴിഞ്ഞു.

 അനുവദിച്ച തുക 10 കോടി

ചെലവായ തുക 8 കോടി

800 വീടുകൾ പൂർത്തിയായി

അതേസമയം, സ്വന്തമായി ഭൂമിയുള്ള 1947 ഭവനരഹിതർക്ക് പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച വീടുകളുടെ നിർമ്മാണം പൂർത്തിയായി. 2338 പേരിൽ നിന്ന് മാനദണ്ഡങ്ങൾ ഉറപ്പാക്കിയ അപേക്ഷകരെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. 2017 ഏപ്രിലിൽ നിർമ്മാണം തുടങ്ങി. ഇതേവരെ 800 വീടുകൾ പൂർത്തിയായി. പത്ത് കോടി രൂപയാണ് ഇതിനായി നീക്കി വച്ചിട്ടുള്ളത്. എട്ടു കോടി രൂപ ചെലവിട്ടു. ഇതിനും ഹഡ്കോയിൽ നിന്ന് വായ്പയ്ക്കായി അപേക്ഷ നൽകിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതങ്ങൾക്ക് പുറമേയാണ് ഈ തുക നഗരസഭ കണ്ടെത്തേണ്ടത്. നേരത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പടെത്തി വിവിധ ഘട്ടങ്ങളിലായി നാലായിരം വീടുകൾ നൽകിയിരുന്നു.