strike

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകൾ നാളെയും മറ്റന്നാളുമായി നടത്തുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ കേന്ദ്ര സർവീസുകൾ സ്തംഭിക്കും.ട്രേഡ് യൂണിയനുകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കു പുറമേ, കേന്ദ്ര ജീവനക്കാരെ ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, എല്ലാ ഒഴിവുകളിലും നിയമനം നടത്തുക, സ്വകാര്യവൽകരണവും കരാർവൽകരണവും നിർത്തിവയ്ക്കുക, ജി.ഡി.എസ്, പാർട്‌ ടൈം, കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഏഴാം ശമ്പള കമ്മിഷനുമായി ബന്ധപ്പെട്ട ഉറപ്പുകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി കോൺഫെഡറേഷൻ നൽകിയ പണിമുടക്കു നോട്ടീസിലുണ്ട്.

തപാൽ, ആർ.എം.എസ്., ഇൻകംടാക്സ്, ഏജീസ്, ഐ.എസ്.ആർ.ഒ, സെൻട്രൽ എക്‌സൈസ്, സിവിൽ അക്കൗണ്ട്സ്, ഇ.എസ്.ഐ., ഇ.പി.എഫ്, സെൻസസ്, ജിയോളജിക്കൽ സർവേ, എൻ.എസ്.എസ്.ഒ., ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എൽ.എൻ.സി.പി.ഇ, ദൂരദർശൻ, ശ്രീചിത്ര ആശുപത്രി തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടും. ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രകടനം നടത്തുമെന്നും കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് വി. ശ്രീകുമാറും ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രനും അറിയിച്ചു.