തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായുണ്ടായ സംഘർഷങ്ങൾക്കു കാരണം മുഖ്യമന്ത്രിയുടെ ധിക്കാരവും പിടിവാശിയുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സമാധാനപരമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം സങ്കീർണ്ണമാക്കിയത് സർക്കാരാണ്. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കടന്നാക്രമിക്കാൻ മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. അദ്ദേഹത്തിന്റെ വിമർശനങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നതിനു പകരം ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വിമർശനങ്ങളോടുള്ള അസഹിഷ്ണുത ഫാസിസ്റ്റ് പ്രവർത്തന രീതിയുടെ തെളിവാണ്. വിശ്വാസികളല്ലാത്ത രണ്ടു സ്ത്രീകളെ പിൻവാതിലിലൂടെ സന്നിധാനത്ത് എത്തിച്ചതിനു പിന്നിൽ ഗവൺമെന്റിന്റെ പിടിവാശിയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാനും ശ്രമിക്കുന്നത് എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്. യുവതികളുടെ ദർശനവിവരം വെളിപ്പെടുത്തിയ മുഖ്യമന്ത്രി, തന്റെ അറിവോടെയല്ല ദർശനമെന്നു പറയുന്നത് ആരും വിശ്വസിക്കില്ല.
മന്നത്തുപത്മനാഭന്റെ കാലം മുതൽ സമുദായ സൗഹാർദ്ദത്തിനായി നിലകൊണ്ട എൻ.എസ്.എസ് വർഗീയത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായുള്ള കോടിയേരിയുടെ നിലപാട് സ്വന്തം പരാജയം മറച്ചുവയ്ക്കാനുള്ള തന്ത്രമാണ്. തങ്ങളെ എതിർക്കുന്നവരെയെല്ലാം ആർ.എസ്.എസുകാരായി ചിത്രീകരിക്കാനുള്ള തന്ത്രം കേരളത്തിൽ വിലപ്പോകില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.