നെടുമങ്ങാട് : ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിനിടെ നെടുമങ്ങാടുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് എട്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയെ ആനാട്ട് വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും ഉൾപ്പെടുന്നു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് അറസ്റ്റ്.
ആർ.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണിന്റെ സഹായിയായ മേലാങ്കോട് ദീപാ ഭവനിൽ എൻ.നിശാന്ത് (30), എസ്.ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ആനാട് നാഗച്ചേരി രാഖി ഭവനിൽ പി.പ്രതീഷ് (36), ആനാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനം അടിച്ചു തകർത്ത കേസിൽ പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന എസ്.പ്രവീൺ (37), മുനിസിപ്പാലിറ്റി സ്റ്റേഡിയത്തിന് സമീപം കുഴിവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശിവൻ എന്ന ശ്യാംകുമാർ (29), പുലിപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം തുഷാര ഹൗസിൽ കെ.രതീഷ് (34), മൂത്താംകോണം വടക്കുംകര കല്ലുവിള വീട്ടിൽ ജി.ബൈജു (36), കരുപ്പൂര് ചന്തവിള അമൃതാനന്ദമയി മഠത്തിന് സമീപം തടത്തരികത്ത് പുത്തൻ വീട്ടിൽ എം.ബൈജു (36), ആനാട് വേങ്കവിള ആർ.ആർ ഭവനിൽ ആർ.ആർ. ഷാജി (48) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതികളെ നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിൽ സി.ഐ ബി.എസ്.സജിമോൻ, എസ്.ഐമാരായ എസ്.എൽ.അനിൽകുമാർ, കെ.ബാലകൃഷ്ണൻ എന്നിവരും ഷാഡോ ടീം അംഗങ്ങളും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നെടുമങ്ങാട് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരുടെ എണ്ണം പത്തായി. സ്‌റ്റേഷന് മുന്നിൽ ബോംബെറിഞ്ഞ പ്രവീണിന്റെ സഹോദരൻ പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാൾക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ബോംബേറുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മുഖ്യപ്രതിയായ പ്രവീൺ ഉൾപ്പെടെ നാല് പേർ ഒളിവിലാണ്.
എസ്.ഐയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഇതിനിടെ എസ്.ഐ സുനിൽ ഗോപിയെയും സംഘത്തെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. ആർ.എസ്.എസ് പതാകയുമായി ബൈക്കിലെത്തിയ മുപ്പതോളം പേരടങ്ങുന്ന സംഘം എസ്.ഐയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.