vadasseri-gups-nu-bus-nal

കല്ലമ്പലം : കിളിമാനൂർ ഉപജില്ലയിൽ അക്കാഡമിക അക്കാഡമികേതര രംഗത്ത് മികച്ച പൊതു വിദ്യാലയമായി മുന്നേറുന്ന പേരൂർ വടശ്ശേരി ഗവ. യു.പി.എസിന് പുത്തൻ സ്കൂൾ ബസായി. സ്കൂളിന്റെ ശതാബ്ദി ആഘോഷപരിപാടികൾ നടക്കുന്ന വേളയിൽ മികവിന് അംഗീകാരമായി ബി.സത്യൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് സ്കൂൾ ബസ് വാങ്ങി നൽകിയത്. ഒരു ഘട്ടത്തിൽ വിദ്യാർത്ഥികൾ കുറഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ ഈ പൊതുവിദ്യാലയം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുകയായിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൂടി വന്നതോടെ സ്കൂളിലേക്ക് കുട്ടികളുടെ ഒഴുക്കായി. ഇംഗ്ലീഷ്, മലയാളം മീഡിയത്തിലായി നൂറുകണക്കിന് വിദ്യാർത്ഥികളുമായി ഇപ്പോൾ ഉപജില്ലക്ക് തന്നെ മാതൃകയാണ് ഈ വിദ്യാലയം വിദ്യാലയത്തിന് അനുവദിച്ച ബസിന്റെ ഫ്ളാഗ് ഓഫ് ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു അദ്ധ്യക്ഷത വഹിച്ചു, യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്അംഗം എൻ. രാജേന്ദ്രൻ , പഞ്ചായത്തംഗം എം. സന്തോഷ് കുമാർ, കെ. വാസുദേവക്കുറുപ്പ്, ആർ. അശോകൻ, എ. സിനോബ, വൽസല, വി. ജയശീലൻ നായർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ജെ. ഗീത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ആർ. രതീഷ് നന്ദിയും പറഞ്ഞു.