ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന
ആദ്യ ഇന്ത്യൻ ടീമെന്ന ചരിത്രത്തിനരികിൽ
വിരാടും സംഘവും
സിഡ്നി : മഹാത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് സിഡ്നിയിൽ ചരിത്രപുരുഷന്മാരായി അവരോധിക്കപ്പെടും.
സിഡ്നിയിൽ നടക്കുന്ന നാലാം ടെസ്റ്റിന്റെ അഞ്ചാംദിവസമായ ഇന്ന് ജയിച്ചാലും സമനിലയിലായാലും കംഗാരുക്കളുടെ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമെന്ന ചരിത്രനേട്ടം വിരാടിനും കൂട്ടുകാർക്കും സ്വന്തമാക്കാനകും. പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ 2-1ന് മുന്നിലാണ് ഇന്ത്യ. സിഡ്നിയിൽ ജയിച്ചെങ്കിൽ മാത്രമേ ആസ്ട്രേലിയയ്ക്ക് ഇന്ത്യയുടെ പരമ്പര നേട്ടത്തിന് തടയിടാനാകൂ.
എന്നാൽ അവസാന ടെസ്റ്റിന്റെ നാലാംദിനമായ ഇന്നലെ ചായയ്ക്ക് ശേഷം വീണ ഇരുട്ടിനേക്കാൾ ഇരുളിലാണ് ആസ്ട്രേലിയ ഇൗ മത്സരം ജയിക്കാനുള്ള സാദ്ധ്യതകൾ.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622/7 ഡിക്ളയേഡിനെതിരെ നാലാംദിനമായ ഇന്നലെ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 300 റൺസിൽ അവസാനിച്ചു. തുടർന്ന് ഫോളോ ഒാണിനിറങ്ങേണ്ടിവന്ന ഒാസീസ് 6/0 എന്ന നിലയിലെത്തിയപ്പോൾ വെളിച്ചക്കുറവ് മൂലം കളി നിറുത്തേണ്ടിവരികയായിരുന്നു. ഇന്നലെ രാവിലെ മഴമൂലം ലഞ്ചിന് ശേഷമാണ് കളി തുടങ്ങിയത് തന്നെ. 25.2 ഒാവർ മാത്രമാണ് ഇന്നലെ കളി നടന്നത്.
236/6 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ആസ്ട്രേലിയ 64 റൺസ് കൂടി നേടിയ ശേഷമാണ് ആൾ ഒൗട്ടായത്. ഇന്നലത്തെ രണ്ടാം ഒാവറിൽത്തന്നെ കമ്മിൻസിനെ (25) ക്ളീൻ ബൗൾഡാക്കി ഷമിയാണ് ഒാസീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പൊരുതിനിന്ന പീറ്റർ ഹാൻഡ് ക്രുബിനെ (37) പുറത്താക്കി ബുംറ അടുത്ത ആഘാതം നൽകി.
തുടർന്ന് നഥാൻ ലിയോണിനെ (0) കുൽദീവ് യാദവ് എൽ.ബി ഡബ്ളിയുവിൽ കുരുക്കി മടക്കി. ഇതോടെ ഒാസീസ് 258/9 എന്ന നിലയിലായി. അവസാന വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും (29 നോട്ടൗട്ട്), ഹേസൽ വുഡും (21) ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്ത് അല്പനേരം ചെറുത്തുനിന്നു. എന്നാൽ ഹേസൽവുഡിനെ എൽ.ബിയിൽ കുരുക്കി അഞ്ചുവിക്കറ്റ് തികച്ച കുൽദീവ് കംഗാരുക്കളുടെ ഒന്നാം ഇന്നിംഗ്സിന് കർട്ടനിട്ടു.
അശ്വികന്റെ അഭാവത്തിൽ ടീമിലെത്തിയ കുൽദീവ് 31.5 ഒാവറിൽ 6 മെയ്ഡനുകളടക്കം 99 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഷമിയും ജഡേജയും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കിയപ്പോൾ ബുംറയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
തുടർന്ന് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി ആസ്ട്രേലിയയെ ഫോളോ ഒാണിനയച്ചു. ഫോളോ ഒാണിനിറങ്ങിയ ആസ്ട്രേലിയ 6/0 എന്ന നിലയിലെത്തിയപ്പോൾ ചായയ്ക്ക് പിരിഞ്ഞു. എന്നാൽ അതിനുശേഷം വെളിച്ചക്കുറവ് മൂലം കളിനടന്നില്ല. ഒാപ്പൺമാരായ ഉസ്മാൻ ഖ്വാജയും (4) മാർക്കസ് ഹാരിസുമാണ് (2) കളിനിറുത്തുമ്പോൾ ക്രീസിൽ.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 622/7 ഡിക്ള
പുജാര 193, പന്ത് 159, മായാങ്ക് 77, ജഡേജ 81, വിഹാരി 42.
ലിയോൺ 4/178
ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 300
ഹരിസ് 77, ലബുഷാംഗെ 38, ഹാൻഡ് സ്കോംബ് 37, കമ്മിൻസ് 25, സ്റ്റാർക്ക് 25 നോട്ടൗട്ട്.
കുൽദീവ് 5/99, ജഡേജ 2/73, ഷമി 2/58
ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 6/0
ഇന്നത്തെ സാദ്ധ്യതകൾ
. കാലാവസ്ഥയാണ് ഇന്ത്യയും മത്സരവിജയത്തിനുമിടയിൽ നിൽക്കുന്ന പ്രധാന ഘടകം.
. രണ്ടാം ഇന്നിംഗ്സിൽ ആസ്ട്രേലിയയെ ആൾ ഒൗട്ടാക്കാൻ കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് വിജയം ആഘോഷിക്കാം. അങ്ങനെയായാൽ 3-1ന് പരമ്പര സ്വന്തമാക്കാം.
. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാവിലെ മഴയുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ വെളിച്ചക്കുറവും.
. ഇന്ന് ലഭിക്കുന്ന സമയത്ത് ആസ്ട്രേലിയ ആൾ ഒൗട്ടാകാതെ കളി സമനിലയിലാക്കാൻ ശ്രമിക്കും. അങ്ങനെയായാലും പരമ്പര ഇന്ത്യയ്ക്കുതന്നെ ലഭിക്കും. മാർജിൻ 2-1 ആയിരിക്കും.
. ആസ്ട്രേലിയയ്ക്ക് ജയിക്കണമെങ്കിൽ മഹാത്ഭുതം തന്നെ നടക്കണം. ഇപ്പോഴും 316 റൺസിന് പിന്നിലാണവർ. അതിലേറെ റൺസ് ഞൊടിയിടയിൽ സ്കോർ ചെയ്തശേഷം ഇന്ത്യയെ വീണ്ടും ബാറ്റിംഗിനിറക്കി ആൾ ഒൗട്ടാക്കി വിജയിക്കുക സാദ്ധ്യമല്ല.