വട്ടപ്പാറ: തിരുവനന്തപുരത്തു നിന്നും എം.സി റോഡ് വഴി ഒരു വട്ടമെങ്കിലും യാത്രചെയ്തിട്ടുള്ളവർക്ക് മനസിലാകും, ഈ റൂട്ടിലെ ഏറ്റവും അപകടം പിടിച്ച സ്ഥലങ്ങളാണ് വട്ടപ്പാറ ജംഗ്‌ഷൻ എത്തുന്നതിന് മുമ്പുള്ള കൊടും വളവുകൾ. പൊന്മുടിയിലെയും മൂന്നാറിലെയും ഹെയർപിൻ വളവുകളെ അനുസ്മരിപ്പിക്കുന്ന എം.സി റോഡിലെ ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങളാണ് നടക്കുന്നത്. ചിറ്റാഴയ്ക്കും വട്ടപ്പാറ കുറ്റിയാണി റോഡിനും ഇടയ്ക്കുള്ള വളവിൽ ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഉണ്ടാകാറുള്ളത്. അനിയന്ത്രിതമായി സ്ഥാപിച്ചിട്ടുള്ള കൂറ്റൻ പരസ്യബോർഡുകളാണ് ഇവിടുത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. വാഹനമോടിക്കുന്നവരുടെ ശ്രദ്ധ ഒരു നിമിഷം ഇത്തരം ബോർഡുകളിലേക്ക് പാളുന്നതോടെ കൊടും വളവ് തിരിഞ്ഞ് എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
മതിയായ അനുമതികളില്ലാതെ സ്ഥാപിക്കുന്ന ഇത്തരം ബോർഡുകൾ വാഹനങ്ങളുടെ മേൽ പതിക്കുന്നതും പതിവാണെന്ന് സ്ഥലവാസികൾ പറയുന്നു. ഡ്രൈവർമാരുടെ ശ്രദ്ധ ഇത്തരം ബോർഡുകളിൽ പതിയുമ്പോൾ വാഹനം ഇടതുഭാഗത്തെ കുഴിയിലേക്ക് മറിയാനുള്ള സാദ്ധ്യതയും കൂടുതലാണ്. മുന്നിലെ വളവുവഴി അമിതവേഗതയിൽ വരുന്ന വാഹനങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നു. യാതൊരു മാനദണ്ഡവുമില്ലാതെ ഇത്തരത്തിൽ പതിക്കുന്ന പരസ്യ ബോർഡുകളുടെ എണ്ണം വർദ്ധിച്ചുവരുകയാണെന്നും ഇക്കാര്യത്തിൽ അധികാരികളുടെ ശ്രദ്ധ പതിയുന്നില്ലെന്നുമാണ് പരക്കെയുള്ള ആക്ഷേപം. ഒരു ഭാഗത്ത് അഗാധമായ കുഴികളും മറുവശം വീതി കുറഞ്ഞ, വാഹനങ്ങൾ ഒതുക്കാൻ സൗകര്യമില്ലാത്ത കൊടും വളവുകളുമാണ് വട്ടപ്പാറ ജംഗ്‌ഷൻ എത്തുന്നതിന് മുമ്പുള്ള എം.സി റോഡിന്റെ പ്രത്യേകത. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ നിരവധി വാഹനാപകടങ്ങൾ ഉണ്ടാകാറുണ്ട്.