train

തിരുവനന്തപുരം: ട്രെയിൻ പിടിക്കാൻ അവസാന നിമിഷം ഓടിക്കിതച്ചെത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഇനി അതു നടപ്പില്ല. വിമാനത്താവളങ്ങളിലെപ്പോലെ റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ നേരത്തേ ചെക്ക് ഇൻ ചെയ്യണമെന്ന് നിബന്ധന വരികയാണ്.

ഇതു നടപ്പിലാകുമ്പോൾ ട്രെയിൻ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പെങ്കിലും യാത്രക്കാർ ടിക്കറ്റുമായി പ്ളാറ്റ്ഫോമിൽ എത്തേണ്ടിവരും. ഇതിന് പ്രത്യേക വാതിലുകളും സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും. വൈകിയെത്തുന്നവർക്ക് പ്രവേശമനമില്ല. ദീർഘദൂര ട്രെയിനുകളിലാവും ഇത്തരം നിയന്ത്രമെന്ന് ആർ.പി.എഫ് ഡയറകടർ ജനറൽ അരുൺ കുമാർ അറിയിച്ചു.

അലഹബാദിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം ഹുബ്ളിയിലും ഉടൻ നടപ്പാക്കും- പിന്നീട് രാജ്യത്തെ 202 റെയിൽവേ സ്റ്റേഷനുകളിലും. ഇതിന് 385.06 കോടി രൂപ റെയിൽവേ അനുവദിച്ചിട്ടുണ്ട്.

പുതിയ സുരക്ഷാ വാതിലുകളും ചെക്ക് ഇൻ സംവിധാനങ്ങളും മറ്റും ഏർപ്പെടുത്താനാണ് ഈ തുക. സിസി ടിവി ക്യാമറകൾ, ബോംബ് ഡിറ്റക്ഷൻ സംവിധാനം, ലഗേജ് സ്‌കാനറുകൾ എന്നിവ ഉണ്ടാകും. ട്രെയിൻ അട്ടിമറി ശ്രമങ്ങൾ, തീവ്രവാദ ഭീഷണി എന്നിവ കണക്കിലെടുത്താണ് പുതിയ സംവിധാനം.