വെല്ലിംഗ്ടൺ : ഒാക്‌ലൻഡ് ക്ളാസിക് ടെന്നിസ് കിരീടം നിലനിറുത്തി ജർമ്മൻ വനിതാ താരം ജൂലിയ ജോർജസ്. കഴിഞ്ഞദിവസം നടന്ന ഫൈനലിൽ കനേഡിയൻ കൗമാര താരം ബിയാങ്ക ആന്ദ്രിസ്റ്റ്യുവിനെയാണ് ജൂലിയ കീഴടക്കിയത്. 2-6, 7-5, 6-1 എന്ന സ്കോറിനായിരുന്നു ജൂലിയയുടെ വിജയം. 152-ാം റാങ്കുകാരിയായ ബിയാങ്ക ഇൗ ടൂർണമെന്റിൽ മുൻ ഒന്നാംനമ്പർ താരങ്ങളായ വീനസ് വില്യംസ്, കരോളിൻ വൊസ്നിയാക്കി എന്നിവരെ കീഴടക്കിയിരുന്നു. ജൂലിയയുടെ കരിയറിലെ ഏഴാം കിരീടമാണിത്.
നിഷികോറിക്ക് ബ്രിസ്ബേൻ ഒാപ്പൺ
ബ്രിസ്ബേൻ : ജാപ്പനീസ് താരം കെയ് നിഷികോറി ബ്രിസ്ബേൻ ഇന്റർനാഷണൽ ടെന്നിസ് കിരീടം സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ 6-4, 3-6, 6-2 നാണ് നിഷി കോറി തോൽപ്പിച്ചത്. 2016 ന് ശേഷമുള്ള നിഷികോറിയുടെ ആദ്യ കിരീടമാണിത്.
വനിതകളിൽ പ്ളിസ് കോവ
ബ്രിസ്ബേൻ ഇന്റർനാഷണൽ ടെന്നിസിലെ വനിതാകിരീടം കരോളിന പ്ളിസ് കോവയ്ക്ക്. ഫൈനലിൽ ഉക്രൈനിന്റെ ലെസിയ സുരെങ്കോയെ 4-6, 7-5, 6-2ന് കീഴടക്കിയാണ് ചെക്ക് റിപ്പബ്ളിക്കുകാരിയായ പ്ളിസ് കോവ കിരീടമണിഞ്ഞത്.
ഖത്തറിൽ അഗൂട്ട്
ദോഹ : ഖത്തർ ഒാപ്പൺ ടെന്നിസ് കിരീടം സ്പാനിഷ് താരം റോബർട്ടോ ബാറ്റ്സ് അഗൂട്ടിന്. ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ തോമസ് ബെർഡിച്ചിനെ 6-4, 3-6, 6-3ന് കീഴടക്കിയാണ് അഗൂട്ട് കിരീടമണിഞ്ഞത്. സെമിഫൈനലിൽ അഗൂട്ട് ലോക ഒന്നാംനമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെ അട്ടിമറിച്ചിരുന്നു.