കേപ്ടൗൺ : പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒൻപത് വിക്കറ്റിന് വിജയിച്ച ആതിഥേയരായ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരപരമ്പരയിൽ 2- 0ത്തിന് മുന്നിലെത്തി.
നാലാംദിവസമായ ഇന്നലെ പാകിസ്ഥാനെ രണ്ടാം ഇന്നിംഗ്സിൽ 294 റൺസിന് ആൾ ഒൗട്ടാക്കിയശേഷം വിജയലക്ഷ്യമായ 41 റൺസ് ഒറ്റവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നേടിയെടുക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക.
ആദ്യ ഇന്നിംഗ്സിൽ പാകിസ്ഥാൻ 177 റൺസിന് ആൾ ഒൗട്ടായപ്പോൾ ദക്ഷിണാഫ്രിക്ക 431 റൺസ് നേടിയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ യുവപേസർ ഡുവാനെ ഒളിവറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ പേസർ ഡേൽസ്റ്റെയ്നും ചേർന്നാണ് ആദ്യ ഇന്നിംഗങ്ങസിൽ പാകിസ്ഥാനെ തകർത്തത്. 254 റൺസ് ലീഡ് വഴങ്ങിയിറങ്ങിയ പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ ആസാദ് ഷഫീഖ് (88), ബാബർ അസം (72), ഷാൻ മസൂദ് (61) എന്നിവരുടെ പോരാട്ടത്തിലൂടെയാണ് 294 ലെത്തിയത്. രണ്ടാം ഇന്നിംഗ്സിൽ സ്റ്റെയ്നും റബാദയും നാലുവിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ഹാഷിം അംലയ്ക്ക് പരിക്കേറ്റ് മടങ്ങേണ്ടിവന്നതുമാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒന്നാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ (103) നായകൻ ഫാഫ് ഡുപ്ളെസിയാണ് മാൻ ഒഫ് ദ മാച്ച്. മൂന്നാം ടെസ്റ്റ് ഇൗമാസം 11ന് ജോഹന്നാസ് ബർഗിൽ തുടങ്ങും.