തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് ഹൃദയവാൽവിന് തകരാറ് കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ ജീവനുമായി ആംബുലൻസ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് പറന്നു. 633 കിലോമീറ്ററുകൾ താണ്ടി ലക്ഷ്യത്തെത്തിയത് വെറും ഏഴ് മണിക്കൂർ കൊണ്ട്. കുരുന്നിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും രണ്ട് ജീവനുകൾ കവർന്നുകൊണ്ടായിരുന്നു ആംബുലൻസിന്റെ മടക്കയാത്ര. കാസർകോട് മേൽപറമ്പ് കൈക്കോത്ത് റോഡിൽ നിസാമുദ്ദീൻ മൻസിലിൽ ഷറഫുദ്ദീൻ- ആയിഷ ദമ്പതികളുടെ ആദ്യ പ്രസവത്തിലെ ഇരട്ടക്കുട്ടികളിലെ ഒരു കുഞ്ഞിനേയും കൊണ്ടാണ് മംഗലാപുരത്ത് നിന്ന് ശ്രീചിത്രയിലേക്ക് ആംബുലൻസ് എത്തിയത്. ഞായറാഴ്ച രാവിലെ കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങിയ ആംബുലൻസ് കൊല്ലം ഓച്ചിറയ്ക്ക് സമീപം നിയന്ത്രണം വിട്ട് വഴിയോരത്തേക്കു പാഞ്ഞുകയറി, ബൈക്കിലും സൈക്കിളിലും സഞ്ചരിച്ചിരുന്ന രണ്ടുപേർ മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു.ക്ളാപ്പന കോട്ടയ്ക്കുപുറം സാധുപുരത്ത് ചന്ദ്രൻ (60), ഒഡിഷ ചെമ്പദേരി കൂർ സ്വദേശി രാജീവ് ദോറ (32) എന്നിവരാണ് മരിച്ചത്. കല്ലൂർമുക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് രാജീവ് ദോറ.
ഇന്നലെ ഉച്ചയ്ക്ക് 1.10- ഓടെ ദേശീയപാതയിൽ വലിയകുളങ്ങര പള്ളിമുക്കിലായിരുന്നു അപകടം.പരിക്കേറ്റ ഒഡിഷ സ്വദേശി മനോജ്കുമാർ (25), ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സ് അശ്വിൻ (25) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണംവിട്ട ആംബുലൻസ് രണ്ടു സ്കൂട്ടറും സൈക്കിളും ഇടിച്ചു തെറിപ്പിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 10.30നാണ് കുഞ്ഞിനേയും കൊണ്ട് മംഗലാപുരത്ത് നിന്ന് ആംബുലൻസ് യാത്ര തിരിച്ചത്. യാത്രയ്ക്കിടെ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കുന്നതിനായി കാഞ്ഞങ്ങാട് ആസ്ഥാനമായി കേരളത്തിലും വിദേശങ്ങളിലും പ്രവർത്തിക്കുന്ന കുട്ടികളുടെ സന്നദ്ധ സംഘടന ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെ സഹായവും തേടി. യാത്രയെ കുറിച്ചുള്ള വിവരങ്ങൾ സംഘടന സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അറിയിച്ചു. ട്രാഫിക് പൊലീസ് വയർലെസ് മുഖാന്തരം നിരന്തരം സന്ദേശങ്ങളും കൈമാറി. കോഴിക്കോട് മുതൽ ഓരോ ജില്ലയിലും പൊലീസ് വാഹനം ആംബുലൻസിന് വഴിയൊരുക്കി. കുഞ്ഞിന് നാളെ ശസ്ത്രക്രീയ നടത്തും.
കാസർകോട് സ്വദേശി അബ്ദുള്ള ഹാരിസായിരുന്നു ഡ്രൈവർ. മരണമടഞ്ഞ ചന്ദ്രൻ പള്ളിമുക്ക് സംസം ഹോട്ടൽ തൊഴിലാളിയാണ്. സുമംഗലയാണ് ഭാര്യ. മക്കൾ: പ്രിയ,സൂര്യ.