ന്യൂഡൽഹി: ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ വി. മുരളീധരന്റെ വീട് ആക്രമിച്ച സംഭവത്തെ പരാമർശിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം.
എന്റെ ബൂത്ത് ഏറ്റവും ശക്തം എന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ ആന്ധ്രയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആന്ധ്രയിലെ ചുമതലയാണ് പാർട്ടി വി.മുരളീധരന് നൽകിയിരിക്കുന്നത്.
ഭീഷണികൾ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ. കഴിഞ്ഞ ദിവസം വി.മുരളീധരൻ എം.പിയുടെ വീടിനു നേരെ ബോംബെറിഞ്ഞു. അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതു കാര്യമാക്കാതെ അദ്ദേഹം ആന്ധ്രയിലെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകുകയാണെന്നും മോദി പറഞ്ഞു.
പ്രതിപക്ഷത്തെ ഏകോപിപ്പിക്കാൻ ശ്രമിക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു.സ്വന്തം പുത്രന്റെ സൂര്യോദയം കാണാൻ ചന്ദ്രബാബു നായിഡു ആന്ധ്രയെ സൂര്യാസ്തമയത്തിലേക്ക് നയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആന്ധ്രയിൽ സൂര്യോദയം എന്ന തെലുങ്കുദേശം മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശം. പാർട്ടി സ്ഥാപകനായ എൻ. ടി. രാമറാവുവിനെ വഞ്ചിച്ച നേതവാണ് ചന്ദ്രബാബുവെന്നും മോദി കുറ്റപ്പെടുത്തി.