തിരുവനന്തപുരം: വധശ്രമം അടക്കമുള്ള നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി പൊലീസ് പിടിയിലായി. പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശിയായ ദിനു എന്ന പ്രമോദിനെയാണ് പേരൂർക്കട പൊലീസ് പിടികൂടിയത്. മ്യൂസിയം, പേരൂർക്കട പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ കഞ്ചാവ് ഇടപാടുകളിലെ മുഖ്യകണ്ണിയാണ് പിടിയിലായ ദിനു. പേരൂർക്കട ഭാഗത്ത് സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിക്കുന്നത് ദിനുവാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഒരുകിലോ കഞ്ചാവുമായി കുടപ്പനക്കുന്ന് ഇളയംപള്ളിക്കോണം ഭാഗത്ത് നിന്നാണ് എസ്.ഐമാരായ സമ്പത്ത്, പ്രമോജ്, സി.പി.ഒമാരായ അനൂപ്, ഗിരീഷ്, അനീഷ് എന്നിവരടങ്ങിയ സംഘം ദിനുവിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.