കൊല്ലം: തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പൂർത്തിയായെങ്കിലും കുറ്റപത്രം സമർപ്പിക്കാനാകാതെ നിയമോപദേശത്തിനായി പൊലീസ് കാത്തിരിക്കുന്നു. ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് ആദ്യം കേസെടുത്ത് അഞ്ച് ഡോക്ടർമാരെ പ്രതിസ്ഥാനത്ത് നിറുത്തിയിരുന്നു. എന്നാൽ തങ്ങളുടെ അറസ്‌റ്റ് തടയണമെന്ന ആവശ്യവുമായി ഡോക്‌ടർമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മുരുകന് ചികിത്സ നിഷേധിക്കപ്പട്ടതിന് തെളിവ് ഉണ്ടെങ്കിലും മരണ കാരണം അതാണെന്ന് പോസ്‌റ്ര്‌മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടെ ഒരിടത്തും പ്രതിപാദിക്കാത്ത സാഹചര്യത്തിൽ ഡോക്‌ടർമാർക്കെതിരെ ബോധപൂർവമല്ലാത്ത നരഹത്യ എങ്ങനെ നിലനിൽക്കുമെന്ന ഹൈക്കോടതിയുടെ ചോദ്യമാണ് കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നിയമോപദേശം തേടിയത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്‌ടർമാരുടെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്‌ടർമാരുടെയും അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ബോധപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി ചികിത്സാ നിഷേധത്തിന് കുറെ കൂടി മൃദുവായ വകുപ്പ് ചുമത്താനുള്ള നിയേമാപദേശത്തിനായി പൊലീസ്, കേസ് ഫയൽ ജില്ലാ സർക്കാർ അഭിഭാഷകന്റെ ഓഫീസിന് കൈമാറിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ഡയറക്‌ടർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നൽകാതെ നിസഹകരിച്ചത് വൻ വിവാദമായിരുന്നു. ഇത് ഡോകടർമാരുടെ സംഘടനയുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ലോക്കൽ പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് കൊല്ലം സിറ്റി യൂണിറ്റിന് കൈമാറിയിരുന്നു. അവിടെയും കാര്യമായ അന്വേഷണ പുരോഗതി കൈവരിക്കാതെ കേസ് വീണ്ടും കൊട്ടിയം പൊലീസ് പരിഗണിക്കുകയായിരുന്നു. ഈ സംഭവ പരമ്പരകൾക്കൊടുവിലാണ് നിയമോപദേശത്തിനായി ജില്ലാ സർക്കാർ അഭിഭാഷകന്റെ ഓഫീസിനെ അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടിയം സി.ഐ സമീപിച്ചിരിക്കുന്നത്.
2017 ആഗസ്‌റ്ര് 16 നായിരുന്നു മുരുകനെയും കൂട്ടി രക്ഷാ പ്രവർത്തകർ ഏഴ് മണിക്കൂർ ആശുപത്രികൾ കയറിയിറിങ്ങിയതും അതിന് ശേഷം മുരുകൻ മരണത്തിന് കീഴടങ്ങിയതും.