തിരുവനന്തപുരം: കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി നടക്കുന്ന അക്രമ പരമ്പരയെ തുടർന്ന് സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നാരോപിച്ച് കേന്ദ്ര ഇടപെടലിന് സമ്മർദ്ദം കടുപ്പിക്കാൻ സംഘപരിവാർ സംഘടനകൾ നീക്കം തുടങ്ങി. എഴുത്തുകാരനും രാജ്യസഭയിലെ ബി.ജെ.പി അംഗവുമായ രാകേഷ് സിഹ്ന സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണം എന്ന് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യത്തിൽ സംഘ പരിവാർ സമ്മർദ്ദം ശക്തമാക്കുമെന്നാണ് സൂചന. ലോക് സഭയിലും രാജ്യസഭയിലും കേരളത്തിലെ അക്രമം ബി.ജെ.പി ഉന്നയിച്ചിരുന്നു.
സംസ്ഥാനത്തിലെ അക്രമ സംഭവങ്ങൾക്കെതിരെ പാർലമെന്റ് മന്ദിരത്തിന് പുറത്തും ഇരുസഭയിലേയും ബി.ജെ.പി അംഗങ്ങൾ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആന്ധ്രയിലെ പാർട്ടി പ്രവർത്തകരോട് സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിര സി.പി.എം നടത്തുന്ന ആകമണങ്ങളിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
വി.മുരളീധരൻ എം.പിയുടെ വീടാക്രമിച്ചതും പാർട്ടി ഓഫീസുകൾക്ക് നേരെയുള്ള ആക്രമണവും ബി.ജെ.പി ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ അക്രമ സംഭവങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് ഗവർണറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ഗവർണർ റിപ്പോർട്ട് നൽകുകയും ചെയ്തു.
സംസ്ഥാനത്ത് ആർ.എസ് എസ് ,ബി.ജെ.പി പ്രവർത്തകർക്കെതിരെയുള്ള ഭരണകൂട ഭീകരതയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ബി.ജെ.പി ആരോപണം. അരലക്ഷത്തോളം പേർക്കെതിരെ കേസെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്നാണ് വിമർശനം. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി കടുത്ത തീരുമാനത്തിലേക്ക് എത്തിക്കാനാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കേന്ദ്രം കടുത്ത നടപടിയിലേക്ക് നീങ്ങില്ലെന്നും പറയപ്പെടുന്നു. റിപ്പോർട്ട് ആവശ്യപ്പെടുന്നത് സ്വാഭാവിക നടപടി മാത്രമെന്നും നേതാക്കൾ പറയുന്നു.