കൊച്ചി: ഓസ്‌ട്രേലിയയിൽ വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പരാതി പ്രളയം. കഴിഞ്ഞ ദിവസം മാത്രം എറണാകുളം നോർത്ത് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തത് ഏഴോളം കേസുകൾ. മറ്റ് നിരവധി പരാതികൾ അതാത് സ്റ്റേഷനുകളിൽ നൽകാൻ ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുകയും ചെയ്തു.

കലൂരിലെ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെട്ട കേസുകളാണ് ഏഴെണ്ണവും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകൾക്ക് പുറമേ ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം, തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒരു ഉദ്യോഗാർത്ഥിയിൽ നിന്നും രണ്ടര ലക്ഷം രൂപയാണ് ഒ.ബി.ഒ.ഇ ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്‌മെന്റ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന തട്ടിപ്പ് സ്ഥാപനം വാങ്ങിയത്. 400ലധികം ഉദ്യോഗാർത്ഥികളാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. 10 കോടി രൂപ തട്ടിയെന്നാണ് കരുതിയിരുന്നത്.

എന്നാൽ, ഇതിൽ കൂടുതൽ വരുമെന്നാണ് നിഗമനം. അതേസമയം, കേസിൽ അറസ്റ്റിലായ ഒ.ബി.ഒ.ഇ ഓവർസീസ് മാനേജിംഗ് ഡയറക്ടറടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കോഴിക്കോട് തത്തമംഗലം സ്വദേശി അരുൺദാസ് (28), ഡയറക്ടർ പാലക്കാട് മങ്കര സ്വദേശിനി ചിത്ര.സി. നായർ (26), സി.ഇ.ഒ കോയമ്പത്തൂർ വളവടി സ്വദേശി ശാസ്തകുമാർ (46) മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കണ്ണൂർ മട്ടന്നൂർ എളമ്പാല സ്വദേശി വിഷ്ണു (24) എന്നിവരാണ് കേസിൽ റിമാൻഡിൽ കഴിയുന്നത്. കേസിൽ രണ്ട് പേർകൂടി ഉൾപ്പെട്ടതായാണ് പൊലീസ് കണ്ടെത്താൽ. ഇവർക്കായും അന്വേഷണം നടക്കുന്നുണ്ട്. പള്ളുരുത്തി സ്വദേശി എബിൻ എബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിൻ ജോൺ തുടങ്ങിയ ആറുപേരിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് നാലംഗ സംഘം പിടിയിലായത്.