കണ്ണൂർ: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നുവന്ന അക്രമസംഭവങ്ങൾക്ക് അയവുവന്നു. ശക്തമായ പൊലീസ് സംരക്ഷണം ജില്ലയുടെ പലഭാഗങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ജില്ല ശാന്തിയിലേക്ക് നീങ്ങുന്നത്.
കഴിഞ്ഞദിവസങ്ങളിൽ പ്രധാന രാഷ്ട്രീയ നേതാക്കളുടെ വീടുകൾക്ക് നേരെ പോലും അക്രമങ്ങൾ നടന്നിരുന്നു. ഇന്നലെ രാത്രി 10.30ഓടെ പാനൂർ കുറ്റേരി കെ.സി മുക്കിൽ പുതുതായി നിർമ്മിച്ച സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ കരിഓയിൽ പ്രയോഗം നടന്നിരുന്നു. ഓഫീസിന് മുൻഭാഗത്ത് ചുമരും നിലവും വികൃതമാക്കി. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. എന്നാൽ മറ്റു കാര്യമായ അക്രമസംഭവങ്ങളുണ്ടാകാത്തതാണ് ആശ്വാസമായത്.
അതേസമയം പൊലീസ് ജാഗ്രത തുടരുന്നുണ്ട്. തലശേരി, ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരോധനാജ്ഞ ഇന്ന് അർദ്ധരാത്രി വരെ തുടരും. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 225 കേസുകളാണ് ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. 394 പേരെ അറസ്റ്റുചെയ്തിരുന്നു. ഇതിൽ 360ഓളം പേർക്ക് ജാമ്യം അനുവദിച്ചു. 34 പേരെ റിമാൻഡ് ചെയ്തു.
തലശേരി മേഖലയിൽ കഴിഞ്ഞ നാലു ദിവസങ്ങളിലെ അക്രമസംഭവങ്ങളിൽ 30ഓളം കേസുകളാണ് രജിസ്റ്രർ ചെയ്തത്. ഇതിൽ ആറുപേരെ അറസ്റ്റുചെയ്തു. മലബാറിന്റെ വിവിധ ജില്ലകളിൽ നിന്ന് 750 പൊലീസുകാരെ സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.
സി.പി.എം നേതാക്കളായ എ.എൻ ഷംസീർ എം.എൽ.എ, പി. ശശി, ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.പി എന്നിവരുടെ വീടുകൾക്ക് നേരെ കഴിഞ്ഞദിവസം ബോംബ് ആക്രമണം നടന്നിരുന്നു. ഈ കേസുകളിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. വി. മുരളീധരന്റെ വീടിന് നേരെയുണ്ടായ അക്രമത്തിൽ സി.പി.എം പ്രവർത്തകൻ ജിതേഷിനെ പൊലീസ് അറസ്റ്റുചെയ്തു. സി.പി.എം നേതാവ് വാഴയിൽ ശശിയുടെ വീടാക്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ ആശ്രിതും അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ പുലർച്ചെ പാട്യം പത്തായക്കുന്നിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഓഫീസും ഗുരുദേവ വിലാസം വായനശാലയും ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തിൽ കതിരൂർ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ജൂനിയർ സൂപ്രണ്ടുമായ കൊളച്ചേരി വാവാച്ചി മുക്കിൽ പി.വിമൽകുമാറിന്റെ വീടിന് നേരെയും ഇന്നലെ പുലർച്ചെ അക്രമമുണ്ടായി. ബോംബേറിൽ ജനൽച്ചില്ലുകൾ തകർന്നു. യുവമോർച്ച തലശേരി മണ്ഡലം പ്രസിഡന്റ് കെ.എം റിത്വിന്റെ വീടും ആക്രമിക്കപ്പെട്ടു. കോടിയേരി പാറാൽ പള്ളിയുടെ ഭാഗമായുള്ള ഖുവ്വത്തുൽ ഇസ്ലാം മദ്രസയ്ക്കുനേരെയും ഇന്നലെ അക്രമമുണ്ടായിരുന്നു.