jasna-missing-case

കോട്ടയം: ഒൻപതു മാസം മുമ്പ് കാണാതായ ജസ്ന നാടുവിട്ടിട്ടില്ലെന്ന് അഭ്യൂഹം. ഇതോടെ മുക്കൂട്ടുതറ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊ‌ർജിതമാക്കി. മുണ്ടക്കയം ബസ് സ്റ്റാന്റിൽ മാർച്ച് 22ന് രാവിലെ പത്തേമുക്കാലോടെ ജസ്നയെ കണ്ടുവെന്ന മൊഴി കളവാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതോടെ ജസ്നയെ കണ്ടുവെന്ന് പറ‌ഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടാതെ ബസിൽ കണ്ടുവെന്ന് പറയുന്ന സ്കൂൾ സഹപാഠിയെയും കൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

തലനാരിഴ കീറിയുള്ള അന്വേഷണമാണ് നടക്കുന്നത്. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് താമസിയാതെ നിർണ്ണായക വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം.

ജസ്നയുടെ വീട്ടിൽ വന്നുപോയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ജസ്നയെ കാണാതായ മാർച്ച് 22ന് മുമ്പും പിമ്പും വീട്ടിൽ വന്നവരുടെ പട്ടിക തയാറായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. ഇവരുടെ ഫോൺകോളുകളുടെ ലിസ്റ്റും ക്രൈംബ്രാഞ്ച് തയാറാക്കിവരികയാണ്.

എരുമേലിയിലും മുണ്ടക്കയത്തും ജസ്ന എത്തിയിരുന്നതായാണ് ലോക്കൽ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നത്. പിന്നീട് എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

ബംഗളൂരു, മദ്രാസ്, ഗോവ എന്നിവിടങ്ങളിൽ ജസ്നയെ തേടി പൊലീസ് പോയെങ്കിലും ഒരു സൂചന പോലും കിട്ടിയില്ല. കൂടാതെ ഇടുക്കി ജില്ലയിലെയും സമീപ ജില്ലകളിലെയും കൊക്കകളും ടൂറിസ്റ്റ് സെന്ററുകളും അരിച്ചുപൊറുക്കിയും അന്വേഷണം നടത്തിയിരുന്നു. പക്ഷേ ഫലം നിരാശാജനകമായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ ബി.കോം രണ്ടാം വ‌ർഷ വിദ്യാർത്ഥിയായിരുന്നു ജസ്ന മരിയ ജയിംസ്.