ആറ്റിങ്ങൽ: ആലംകോട് വഞ്ചിയൂർ ജംഗ്ഷനിൽ വീടുകളിൽ നിന്നുള്ള മലിനജലം റോഡിലെ പൊതുഓടയിലേക്ക് ഒഴുക്കുന്നതായി പരാതി. ഇതുകാരണം മൂക്കു പൊത്താതെ റോഡിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥയിൽ വലയുകയാണ് നാട്ടുകാർ. ഒഴുക്കി വിടുന്ന കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ജംഗ്ഷനിലെ ഓടയിൽ കെട്ടിക്കിടന്ന് നാറുകയാണ്. ഇത് ചെറുതോടിലൂടെ കട്ടപറമ്പിന് സമീപത്ത് കൂടി വാമനപുരം നദിയിൽ എത്തിച്ചേരും. തദ്ദേശവാസികളും വ്യാപാരികളും ആട്ടോറിക്ഷ തൊഴിലാളികളും കരവാരം ഗ്രാമപഞ്ചായത്തിൽ നൽകിയിട്ടുണ്ടെങ്കിലും അന്വേഷിക്കാമെന്ന മറുപടിയല്ലാതെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. ഈ മാലിന്യം ഒഴുകിയെത്തുന്ന ചെറുതോട്ടിൽ നിന്നുമാണ് കൃഷിക്കാവശ്യമായ ജലം വയലേലകളിലേക്ക് ശേഖരിക്കുന്നത്. അതിനാൽ കർഷക തൊഴിലാളികളും ആശങ്കയിലാണ്. പകർച്ചവ്യാധികൾ ഉൾപ്പെടെ പടർന്നു പിടിക്കുന്നതിനും കൊതുക് പെരുകുന്നതിനും ഇത് കാരണമാകുന്നുണ്ട്. ഈ പ്രദേശത്ത് പനിയും അതിസാരവും ധാരാളമായി റിപ്പോർട്ട് ചെയ്യുകയാണ്. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തിനെതിരെ സമരത്തിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.