വർക്കല: പണയിൽകടവ് പാലത്തിനോടനുബന്ധിച്ചുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം നിറുത്തിവച്ചിട്ട് മാസങ്ങളായി.
കായലോര ടൂറിസത്തിന് അനന്ത സാദ്ധ്യതയുള്ള പ്രദേശമായ പണയിൽകടവിൽ അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ പെരുവഴിയിലായിട്ടും പുനരാരംഭിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കാത്തതിൽ വ്യാപകമായ പ്രതിഷേധമാണുള്ളത്. വെന്നികോട് പണയിൽകടവ്, അകത്തുമുറി, വക്കം നിവാസികളുടെ ചിരകാല അഭിലാഷമാണ് അപ്രോച്ച്റോഡ്. പണയിൽകടവിൽ പാലംപണി പൂർത്തിയായിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു. പാലം യാഥാർത്ഥ്യമായതോടെ അപ്രോച്ച് റോഡും നിർമ്മാണം പൂർത്തിയാക്കുമെന്ന് അന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. അപ്രോച്ച് റോഡിന്റെ പണി ആരംഭിച്ചതോടെ ചില വസ്തുഉടമകൾ തർക്കങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് റോഡ്പണി അനിശ്ചിതത്വത്തിലായി. 2008ൽ നാട്ടുകാർ കർമ്മസമിതി രൂപീകരിച്ച് സമര പരിപാടികൾ നടത്തിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അപ്രോച്ച് റോഡിനു വേണ്ട സ്ഥലം ഏറ്റെടുത്തു. എന്നാൽ സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യാൻ നടപടി ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. 2017ൽ അഡ്വ. ബി.സത്യൻ എം.എൽ.എ മുൻകൈയെടുത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വസ്തു ഉടമകളുമായുളള വ്യവഹാരങ്ങൾ ഒത്തുതീർപ്പാക്കുകയും റോഡ് കടന്നുപോകുന്ന ഭാഗത്തെ ഒൻപത് വസ്തു ഉടമകൾക്ക് സർക്കാർ വില നൽകുകയും ചെയ്തു. തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്നു രണ്ട് കോടി പതിനെട്ട് ലക്ഷം രൂപ അപ്രോച്ച് റോഡ് നിർമ്മാണത്തിന് അനുവദിക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് റോഡ്പണിയും ആരംഭിച്ചു. പണിയുടെ ഭാഗമായി മണ്ണെടുത്ത് മാറ്റുന്നതിന് കരാറുകാരെ ഏല്പിച്ചു. പണിയുടെ ഭാഗമായി മണ്ണുമാറ്രുന്നതിനു സർക്കാർ നൽകിയ പാസ് കരാറുകാർ ദുരുപയോഗം ചെയ്തതായി നാട്ടുകാർ ആക്ഷേപവുമായി രംഗത്തു വന്നതോടെ റോഡ്പണി വീണ്ടും മുടങ്ങി.
തഹസിൽദാർ നൽകിയ പെർമിറ്റിന്റെ മറവിൽ സമീപത്തെ ചില സ്വകാര്യവ്യക്തികളുടെ പുരയിടത്തിലെ മണ്ണും കടത്തിയതായാണ് നാട്ടുകാരുടെ ആക്ഷേപം. വിവിധ സർക്കാർ വകുപ്പുകളിൽ ഇതു സംബന്ധിച്ച് പരാതിയും നിലനിൽക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് ജനപ്രതിനിധികൾ തന്നെ മുൻകൈയെടുക്കണമെന്നാണ് വെന്നികോട് നിവാസികളുടെ ആവശ്യം.