വെള്ളറട: സർക്കാരിന്റെ കായകല്പ അവാർഡ് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. മികച്ച രീതിയിൽ ശുചിത്വ പരിപാലനത്തിനും ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും മാലിന്യ നിർമാർജ്ജനവും നടപ്പിലാക്കുന്ന ആരോഗ്യകേന്ദ്രങ്ങൾക്ക് നല്കുന്ന അവാർഡാണ് കായകല്പം. 1969. വസൂരി കേന്ദ്രമായി തുടങ്ങിയ ശിശ്രൂഷകേന്ദ്രം വർഷങ്ങൾക്ക് ശേഷമാണ് പ്രാഥമിക ആരോഗ്യകേന്ദ്രമായി ഉയർത്തിയത്. തുടർന്ന് കഴിഞ്ഞവർഷം കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുകയും ചെയ്തു. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്തു. വൈകിട്ട് ആറുമണിവരെ ഇവിടെ സേവനം ലഭ്യമാകും. ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവുമാണ് അവാർഡിന് അർഹമായതെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. വിനോജ് പറഞ്ഞു. നേരത്തേ മികച്ച പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കും ഈ ആശുപത്രിക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബും ആബുലൻസ് സൗകര്യവും ഉണ്ട്. ഇ - ഹെൽത്ത് പദ്ധതി ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ കുടുംബ ആരോഗ്യകേന്ദ്രവും കൂടിയാണ് ഈ ആശുപത്രി. രോഗികളുടെ പൂർണ്ണവിവരങ്ങളും കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുണ്ട്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടുഫിക്കറ്റും ലഭിക്കുന്നതിന് ഈ ആശുപത്രിയെ ഉൾപ്പെടുത്തയിട്ടുള്ളതായി അധികൃതർ പറഞ്ഞു. ഗ്രാമപഞ്ചായത്തും ആശുപത്രി ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട് കുടുംബ ആരോഗ്യകേന്ദ്രത്തിന് അവാർഡുകൾ ലഭിക്കാൻ കാരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി. അജയകുമാർ പറഞ്ഞു. ആശുപത്രിക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിനൽകാൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളും സജീവമായി സഹകരിക്കുന്നതുകൊണ്ട് കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെയ്ക്കാൻ കഴിയുന്നു.