വെള്ളറട: വെള്ളറട വിവേഴ്സ് കോളനിയിൽ 12 കുടുംബങ്ങൾ പട്ടയത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് അറുപത് വർഷം കഴിഞ്ഞു. ഗ്രാമപഞ്ചായത്തിലെ വെള്ളറട വാർഡിൽ ആനക്കുഴിക്കോട് വിവേഴ്സ് കോളനിയിലാണ് 12 കുടുംബങ്ങൾ പട്ടയത്തിനായി നിരവധി തവണ അധികൃതരെ സമീപിച്ചുവെങ്കിലും അറുപത് വർഷം കഴിഞ്ഞിട്ടും പട്ടയം മാത്രംമില്ല. 65 സെന്റ് വസ്തുവിലായാണ് വീടുകൾ നില്കുന്നത്. വർഷങ്ങൾക്കു മുമ്പ് കോവില്ലൂർ കൈത്തറി സഹകരണ സംഘത്തിലെ നെയ്ത്ത് തൊഴിലാഴികളായിരുന്നു ഈ കുടുംബങ്ങൾ. സഹകരണ സംഘത്തിന്റെ കീഴിൽ വായ്പ അനുവദിച്ചവർക്ക് സംസ്ഥാന സർക്കാർ നല്കിയ പുറംപോക്ക് ഭൂമിയിൽ വീട്‌വച്ച് നല്കുകയായിരുന്നു. ഇവർ നെയ്തെടുക്കുന്ന കൈത്തറി ഉത്പനങ്ങൾ സഹകരണ സംഘം വാങ്ങി വില്കുകയാണ് ചെയ്തത്. ഇതിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്നും വായ്പാ തുക മാറ്റിയതിന് ശേഷമുള്ള തുകയാണ് കൂലിയായി ഇവർക്ക് തിരിച്ച് നല്കുന്നത്. ഓടുകൊണ്ട് നിർമ്മിച്ച വീടുകളിൽ പലതും കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലാണ്. വീട് പുനഃർ നിർമ്മിക്കാനും ഇതുപയോഗിച്ച് വായ്പയെടുക്കാനും കഴിയാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. രേഖകളില്ലാത്തതിനാൽ ബാങ്കുകൾ വായ്പനൽകുന്നില്ലെന്നും കോളനി നിവാസികൾ പറയുന്നു. അടിയന്തരമായി പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.കെ. ഹരീന്ദ്രൻ എം.എൽ.എയ്ക്കും ജില്ലാ വ്യവസായകേന്ദ്രം അധികൃതർക്കും നിവേദനം നല്കി കാത്തിരിക്കുകയാണ് 12 കുടുംബങ്ങൾ.