വിഴിഞ്ഞം: ഭാവിയുടെ താരങ്ങളാകാൻ കൊതിച്ച് ഒരു കൂട്ടം കുരുന്നുകൾ വിഴിഞ്ഞം തീരത്തെ മണൽപ്പരപ്പിൽ പന്തു തട്ടുന്നു. വിഴിഞ്ഞം നോമാൻഡ്‌സ് ലാൻഡിലെ മൈതാനത്ത് ദിവസവും നിരവധി കുട്ടികളാണ് കാൽപ്പന്ത് പരിശീലനത്തിന് എത്തുന്നത്. എട്ടു വയസിനു മുകളിലുള്ള കുട്ടികൾക്കാണ് ഇവിടെ പരിശീലനം നൽകുന്നത്. വിവിധ ക്ലബുകളാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. വൈകിട്ട് പഠനം കഴിഞ്ഞെത്തുന്ന കുട്ടികൾക്ക് ദിവസവും രണ്ടുമണിക്കൂർ പരിശീലനം നൽകുന്നു. വിഴിഞ്ഞത്തെ അൽ ബുറാഖ് ഫുട്ബാൾ ക്ലബിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ പരിശീലനം നൽകുന്നത്.
രണ്ടുമണിക്കൂർ നീളുന്ന പരിശീലനത്തിൽ ആദ്യത്തെ ഒരു മണിക്കൂർ വ്യായാമമാണ്. അതിനുശേഷമാണ് പരിശീലനം. വേനൽ അവധിക്കാലത്ത് പ്രത്യേക പരിശീലനക്കളരികൾ നടത്താറുണ്ട്. ഇവിടെ പരിശീലനത്തിനെത്തുന്നവരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ മക്കളാണ്.
കുട്ടികളെ ഇപ്പോഴേ പരിശീലിപ്പിച്ചാൽ ഭാവിയിൽ മികച്ച കായികതാരങ്ങളായി മാറ്റിയെടുക്കാമെന്നു പരിശീലകർ പറയുന്നു. മികച്ച പരിശീലനവും പോഷകാഹാരവും നൽകിയാൽ കേരളത്തിനു തന്നെ അഭിമാനമായി മാറിയേക്കാവുന്ന പ്രതിഭകളെ വാർത്തെടുക്കാമെന്നു ക്ലബ് അധികൃതർ പറയുന്നു. കുട്ടികൾക്ക് കഠിനമായ പരിശീലനമാണ് നൽകുന്നതെന്നും ഉയർന്ന ഭാവിയുള്ള കുട്ടികൾ ഇതിൽ ഉണ്ടെന്നും പരിശീലകനായ നോയൽ പറയുന്നു. വിഴിഞ്ഞത്തു നല്ലൊരു ഗ്രൗണ്ട് ഇല്ലാത്തതു പരിശീലനത്തെ സാരമായി ബാധിക്കുന്നുവെന്നും കായിക വകുപ്പ് മുൻകൈയെടുത്തു ഒരു ഗ്രൗണ്ട് അനുവദിക്കണെമെന്നുമാണ് ക്ലബ് ഭാരവാഹികളുടെ ആവശ്യം.