കിളിമാനൂർ: കാട്ടുതീയും അനിയന്ത്രിതമായ മരം മുറിപ്പും കാരണം വനങ്ങൾ നശിക്കുന്നതിനാൽ ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടുമൃഗങ്ങളും മറ്റും ചേക്കേറിയത് ജനജീവിതം ദുരിതമയമാക്കുന്നു. കാടിനുള്ളിൽ ഫലവൃക്ഷങ്ങളും കിഴങ്ങുവർഗങ്ങളും അന്യമായതോടെ വിശന്നുവലഞ്ഞ പന്നിക്കൂട്ടങ്ങൾ നാട്ടിൻപുറങ്ങളിലെത്തി കാർഷികവിളകൾ തിന്നും കുത്തി മറിച്ചും നശിപ്പിക്കുന്നത് പതിവായി. കാട്ടുപന്നികൾ ഗ്രാമീണ മേഖലയിലെ പാറക്കൂട്ടങ്ങൾക്കിടയിലും മറ്റും തമ്പടിച്ച് പ്രജനനം നടത്തി തുടങ്ങിയതോടെ ഇവയുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് പണം കടമെടുത്തും ഉപജീവനത്തിനായി വാഴ, മരിച്ചീനി, ചേന, ചേമ്പ് തുടങ്ങിയവ കൃഷി ചെയ്തവർ ഇവയുടെ ശല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണ്. പാലോട് പ്രദേശത്തെ വനമേഖലയിൽ നിന്നെത്തിയ പന്നികൾ കാട്ടിലേക്ക് മടങ്ങാതെ ഗ്രാമീണമേഖലകളിലെ ആളൊഴിഞ്ഞ സ്ഥലങ്ങൾ ആവാസ കേന്ദ്രമാക്കുകയായിരുന്നു. ആദ്യം പാങ്ങോട്, കല്ലറ പഞ്ചായത്തുകളിൽ ആക്രമണം ആരംഭിച്ച ശല്യം പിന്നീട് പഴയകുന്നുമ്മൽ, വാമനപുരം, നെല്ലനാട് പഞ്ചായത്തുകളിലും വ്യാപിക്കുകയായിരുന്നു. അടയമൺ, വയ്യാറ്റിൻകര, ചാവേറ്റിക്കാട്, മഞ്ഞപ്പാറ, കുടിയേല മേഖലകളിൽ പെറ്റുപെരുകിയ പന്നിക്കൂട്ടങ്ങൾ ഇപ്പോൾ കിളിമാനൂർ ടൗണിലും കടന്നു കയറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കിളിമാനൂർ പൊലീസ് സ്റ്റേഷനും സിവിൽ സ്റ്റേഷനും സമീപമുള്ള ഊമൻ പള്ളിക്കര ഗോപാൽ നിവാസിൽ ജഗതൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഒന്നരയേക്കറിലെ വാഴയും, മരിച്ചീനിയും കുത്തിമറിച്ച് നശിപ്പിച്ചു. അടുത്തിടെ കുടിയേലയിൽ ചെറുതും വലുതുമായ ഏഴ് പന്നികൾ ഒരു പൊട്ടക്കിണറ്റിൽ അകപ്പെട്ടിരുന്നു. ഇവയെ ഫോറസ്റ്റുകാരും ഫയർഫോഴ്സും ചേർന്ന് പാലോട് വനത്തിൽ വിട്ടയച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് കിളിമാനൂരിൽ ഇരട്ടച്ചിറയ്ക്ക് സമീപം സംസ്ഥാന പാതയിൽ വാഹനമിടിച്ച് പന്നിക്കുട്ടി കൊല്ലപ്പെട്ടിരുന്നു. പന്നികളുടെ ആക്രമണം കാരണം കാർഷിക വിളകൾ നശിക്കുന്നതോടൊപ്പം ജീവഭയത്തിലുമാണ് നാട്ടുകാർ.