രാജ്യത്ത് ആരംഭിച്ച നവ ഉദാരവത്കരണ നയങ്ങളുടെ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒാഹരികൾ ഒാരോ വർഷവും വൻതോതിൽ വിറ്റഴിക്കുകയാണ്. സ്വകാര്യവത്കരണത്തിന്റെ തീവ്രത കൂട്ടാനാണ് കേന്ദ്രം ആസൂത്രണ കമ്മിഷനെ പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചത്. മോദിയുടെ നാല് വർഷത്തെ ഭരണത്തിനിടെ വിറ്റഴിക്കപ്പെട്ടത് 1,94,649 കോടി രൂപയുടെ പൊതുമേഖലാ കമ്പനികളുടെ ഒാഹരികളാണ് . കഴിഞ്ഞ 25 വർഷം നടന്ന വില്പനയുടെ 56.02 ശതമാനം വരും ഇത്. 2017-18 ൽ മാത്രം നടന്ന വില്പന 55000 കോടി രൂപയുടേതാണ്.
സംസ്ഥാനത്തെ കേന്ദ്ര - പൊതുമേഖലാ സ്ഥാപനങ്ങളെയും വില്പനയ്ക്ക് വയ്ക്കുകയാണ് . കാസർകോടുള്ള ബി.എച്ച്.ഇ.എൽ, കോട്ടയത്തെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, പാലക്കാട്ടെ ബി.ഇ.എം.എൽ, കൊച്ചിയിലെ ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ്, തിരുവനന്തപുരത്തെ എച്ച്.എൽ.എൽ എന്നിവയ്ക്ക് പുറമേ റെയിൽവേയും വിമാനത്താവളവും വിൽപ്പനയ്ക്കുള്ള പട്ടികയിലാണ്. പത്രക്കടലാസ് നിർമ്മിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് എച്ച്.എൻ.എൽ. നിലവിലെ ഉത്പാദനശേഷി ഒരുലക്ഷം ടൺ പത്രക്കടലാസാണ് . 533 സ്ഥിരം ജീവനക്കാരും, 702 കരാർ / താത്കാലിക തൊഴിലാളികളും തൊഴിലെടുക്കുന്നു. ആദിവാസി മേഖലയിലടക്കം ആയിരക്കണക്കിനാളുകൾക്ക് പരോക്ഷമായി സ്ഥാപനം തൊഴിൽ നൽകുന്നു. തെറ്റായ ഇറക്കുമതി നയവും സമയബന്ധിതമായി ആധുനീകരണവും നടത്താത്തതും കമ്പനിയെ നഷ്ടത്തിലാക്കിയിരിക്കുന്നു. ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേറ്റിന്റെ കീഴിൽ ആസാമിലും നാഗാലാന്റിലും വർഷങ്ങളായി അടഞ്ഞുകിടക്കുന്ന മില്ലുകൾ പുനരുദ്ധരിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനിടെയാണ് കേരളത്തിലെ സ്ഥാപനം വിൽക്കാൻ തീരുമാനിച്ചത്. ലക്ഷ്യം ഭൂമി കച്ചവടമാണ്. കമ്പനിക്ക് വിവിധ സ്ഥലങ്ങളിലായി വ്യവസായിക ഉപയോഗത്തിന് അനുയോജ്യമായ ഏകദേശം 725 ഏക്കറോളം ഭൂമിയും മുംബൈയിൽ ഒരു ഫ്ളാറ്റും ഉണ്ട്. ഇതിൽ 398 ഏക്കറോളം ഭൂമി നിലവിൽ ഉപയോഗിക്കുന്നില്ല. കൊച്ചി നഗരത്തോട് അടുത്ത് കിടക്കുന്നതും റെയിൽ വ്യോമഗതാഗത സൗകര്യങ്ങൾ ലഭിക്കുന്നതുമായ ഭൂമി റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് തുച്ഛമായ വിലയ്ക്ക് നൽകാൻ അവസരമൊരുക്കുകയാണ് കേന്ദ്രം. ഇതിനെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റേത് . എച്ച്.എൻ.എൽ പൊതുമേഖലയിൽ നിലനിറുത്തണമെന്ന് കേരള നിയമസഭ 2017 മാർച്ച് മൂന്നിന് പ്രമേയം പാസാക്കി. എന്നാൽ 2018 മാർച്ചിൽ കേന്ദ്രം വിൽപ്പനയ്ക്കുള്ള ടെൻഡർ ക്ഷണിച്ചു. കേന്ദ്രആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് ( പഴയ ഹിന്ദുസ്ഥാൻ ലാറ്റക്സ്) 1969 ഏപ്രിൽ അഞ്ചിന് തിരുവനന്തപുരത്ത് പേരൂർക്കടയിൽ പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാന സർക്കാർ 19 ഏക്കറോളം ഭൂമി സൗജന്യമായി നൽകി. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ മിനിരത്ന പദവിയും ഷെഡ്യൂൾ ബിയിലും ഉൾപ്പെട്ട സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ്. 5000 ത്തോളം തൊഴിലാളികൾ ഇൗ സ്ഥാപനത്തിൽ തൊഴിലെടുക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം 700 ഏക്കർ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും വിമാനത്താവള അതോറിറ്റിയുടെ പേരിൽ 55 ഏക്കർ ഭൂമി മാത്രമാണുള്ളത്. ബാക്കി ഭൂമി സംസ്ഥാന സർക്കാർ സൗജന്യമായിട്ടാണ് കൈമാറിയത്. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ പിന്നിലെ താത്പര്യം അദാനിയുടേതാണ്. ഇതിലൂടെ തുച്ഛമായ വില നൽകി 700 ഏക്കറോളം ഭൂമി സ്വന്തമാക്കാൻ കഴിയും. റെയിൽവേയുടെ സമ്പൂർണ സ്വകാര്യവത്കരണം ഉറപ്പാക്കുകയാണ് മോദി സർക്കാർ. മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള സന്ദേശമായി ദേശവ്യാപകമായി നടക്കുന്ന ദ്വിദിന പണിമുടക്ക് മാറും.